
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പോലീസിനെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ.അനീസയാണ് പോലീസിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. കഴിഞ്ഞ ദിവസം കോടതിയില്‍ സൈബര്‍ സെല്‍ ഡിവൈഎസ്പി ഹാജരാകാതെ ഇരുന്നതാണ് അതിരൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയത്.
ഡിവൈഎസ്പി ഹാജരാകാത്ത സാഹചര്യത്തില്‍ അപകട ദിവസത്തെ സിസിടിവി ദൃശ്യങ്ങളടങ്ങിയ രണ്ട് ഡിവിജികള് കോടതിയില്‍ പ്രദര്‍ശിപ്പിച്ച് പകര്‍പ്പെടുക്കാന്‍ ആവശ്യമായ ഉപകരണം സഹിതം പോലീസ് ഹൈടെക് സെല്‍ എസ്പി ഫെബ്രുവരി 24 ന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു.കോടതിയുടെ ഉത്തരവ് ഡിവൈഎസ്പി പാലിക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ വിമര്‍ശനം.
ഡിവൈഎസ്പിയുടെ നിഷ്ക്രിയത്വവും അലംഭാവവും ഗുരുതരമായ കൃത്യവിലോപവും കോടതിയുടെ നീതിനിര്‍വഹണത്തെ തടയാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ഡിവിഡി പകര്‍പ്പുകള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇത്തരവ് പുറപ്പെടുവിപ്പിച്ചത്.






