
പാറ്റ്ന: സിപിഐ യുവനേതാവും ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവുമായ കനയ്യാകുമാര്‍ എന്‍ഡിഎയുടെ ഭാഗമാകുന്നെന്ന് റിപ്പോര്‍ട്ട്. ബീഹാറിലെ മുഖ്യമന്ത്രിയും എന്‍ഡിഎ നേതാവ് നിതീഷ്കുമാറിന്റെ വലംകൈയുമായ അശോക് ചൗധരി കനയ്യാകുമാറുമായി കൂടിക്കാഴ്ച നടത്തിയതാണ് അഭ്യുഹം പ്രചരിക്കാന്‍ കാരണമായിരിക്കുന്നത്. ബീഹാറിലെ ഏക ബിഎസ്പി എംഎല്‍എ സമാഖാനെയും സ്വതന്ത്ര അംഗമായ സുമിത് സിംഗിനെയും കഴിഞ്ഞയാഴ്ച നീതീഷ് മന്ത്രിസഭയില്‍ എത്തിച്ചയാളാണ് അശോക് ചൗധരി.
അടുത്തിടെ കനയ്യാകുമാറും സിപിഐ യുടെ പാര്‍ട്ടി നേതൃത്വവും തമ്മില്‍ ഭിന്നതയിലായിരുന്നു. ഈ സാഹചര്യം മുതലാക്കാന്‍ അശോക് ചൗധരിയെ എന്‍ഡിഎ ചുമതലപ്പെടുത്തിയിരിക്കാം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണ്ടെത്തല്‍. പാറ്റ്നയില്‍ സി.പി.ഐ. പ്രവര്‍ത്തകനുമായി കയ്യാങ്കളി നടത്തിയതിന്റെ പശ്ചാത്തലത്തില്‍ കനയ്യാ കുമാറിനെ പാര്‍ട്ടി നേതൃത്വം ശാസിച്ചത് അടുത്തിടെയാണ്. കഴിഞ്ഞ ഡിസംബര്‍ 1 ന് പാര്‍ട്ടി ഓഫീസ് സെക്രട്ടറി ഇന്ദു ഭൂഷണുമായിട്ടാണ് വഴക്ക് കൂടിയത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഭവങ്ങളും ഭിന്നതയ്ക്ക് കാരണമായിരുന്നു. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ബെഗുസറായ് മണ്ഡലത്തില്‍ മത്സരിച്ച കനയ്യാകുമാര്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിംഗിനോട് വന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സമാഹരിച്ച തുകയില്‍ ഒരു ഭാഗം പ്രചാരണത്തിന് വിനിയോഗിക്കണമെന്ന പാര്‍ട്ടിയുടെ നിര്‍ദേശം കനയ്യാകുമാര്‍ തള്ളിയിരുന്നു. ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന സിപിഐ നേതാവ് എന്നതാണ് കനയ്യയുടെ വ്യക്തിത്വമെങ്കിലും അടുത്തിടെ അദ്ദേഹം നിതീഷ്കുമാറുമായി അടുപ്പത്തിലാണ്.
ഇതിന് പിന്നാലെയാണ് നിതീഷിന്റെ ഏറ്റവും അടുപ്പക്കാരനായി അറിയപ്പെടുന്ന അശോക് ചൗധരിയുമായുള്ള കൂടിക്കാഴ്ച പുതിയ ശ്രുതിക്ക് കാരണമായിരിക്കുന്നത്. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നാണ് കനയ്യാകുമാര്‍ പറയുന്നതെങ്കിലും അശോക് ചൗധരിയുടെ കൂടിക്കാഴ്ച നിതീഷ്കുമാറിന്റെ ചാക്കുമായിട്ടാണ് എന്ന് വിലയിരുത്തുന്നവരാണ് കൂടുതല്‍. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ യുവിന്റെ പ്രചരണ തലവനായിരുന്ന ചൗധരിയെയാണ് നിതീഷ് രാഷ്ട്രീയ തന്ത്രം മെനയാന്‍ ഏല്‍പ്പിച്ചിട്ടുള്ളത്. ഞായറാഴ്ചയാണ് കനയ്യാകുമാര്‍ ചൗധരിയെ കാണാന്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ എത്തിയത്.






