
ശാരീരികവും മാനസികവുമായ ഉന്മേഷം നിലനിര്‍ത്തുന്നതിന് നടത്തം ഉത്തമമാണ്. ആരോഗ്യം നിലനിര്‍ത്താന്‍ നല്ല നടത്തം ആവശ്യമാണ്. ഏത് പ്രായക്കാരെ സംബന്ധിച്ചും ദിവസേന അല്പസമയം നടക്കുന്നത് നന്നായിരിക്കും. പ്രായമാവരില്‍ ഉണ്ടാകുന്ന അല്‍ഷിമേഴ്സ്, സ്ട്രോക്ക് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ പ്രതിരോധിക്കാന്‍ നടത്തം ശീലമാക്കാവുന്നതാണ്.
ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, പ്രമേഹം എന്നിവ കുറയ്ക്കാന്‍ നടത്തത്തിലൂടെ സാധിക്കും. കൊറോണറി ഹാര്‍ട്ട് ഡിസീസ്, സ്ട്രോക്ക് എന്നിവയും കുറയ്ക്കാനാകും. വ്യായാമങ്ങളില്‍ വളരെ ലളിതമായ എയ്റോബിക് വ്യയാമമാണ്് നടത്തം. പരിചിതമായ സ്ഥലങ്ങളിലൂടെ നടന്നു ശീലിക്കാം. ട്രെഡ്മില്ലിലൂടെ നടക്കുന്നതും വ്യായാമത്തിലുള്പ്പെടും. റോഡിലൂടെ നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ട്രെഡ്മില്ലിന്റെ സഹായത്തോടെയും നടക്കാവുന്നതാണ്.
സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തിന് ശേഷം നടത്തം ശീലമാക്കുന്നത് ശാരീരിക ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കും. പ്രായമായവര്‍ സ്ഥിരമായി നടക്കുന്നത് വാര്‍ധക്യസഹജമായ അസുഖങ്ങളെ തടയും. രോഗങ്ങളെ പ്രതിരോധിക്കാനും, അമിത വണ്ണം നിയന്ത്രിക്കാനും സാധിക്കും.
കുട്ടികളിലെ അമിതവണ്ണം നിയന്ത്രിക്കാന്‍ അല്പസമയം നടക്കാന്‍ ശീലിപ്പിക്കുക. പഠനഭാരത്തില്‍ നിന്നൊരു ആശ്വാസവും മാനസിക ഉന്മേഷത്തിനും നടത്തം സഹായിക്കും.
ഹൃദയത്തിനും മസ്തിഷ്കത്തിനുമായി
ദിവസവും നടക്കുന്നത് ഹൃദയത്തിന്റെയും മസ്തിഷ്കത്തിന്റെയും ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കാന്‍ ദിവസേനയുള്ള നടത്തത്തിലൂടെ സാധിക്കും. ഇത് അമിതവണ്ണം നിയന്ത്രിക്കുന്നതോടൊപ്പം ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് കുറയ്ക്കാനും കഴിയും. ശാരീരികാധ്വാനം കുറവുള്ളവരില്‍ വ്യായാമം തീര്‍ച്ചയായും വേണം. പ്രത്യേകിച്ചും ദിവസം മുഴുവന്‍ ഇരുന്നു ജോലി ചെയ്യുന്നവരില്‍ മറ്റ് പ്രവര്‍ത്തനങ്ങള്‍ കുറവായിരിക്കും.
വ്യായാമത്തിന് ആവശ്യമായ പ്രാധാന്യം കൂടി നല്‍കാതെ വരുമ്പോള്‍ രോഗങ്ങള്‍ മധ്യവയസില്‍ തന്നെ പിടിമുറുക്കും. ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ പലപ്പോഴും രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഫാസ്റ്റ് ഫുഡ് ഭക്ഷണരീതിക്ക് നിയന്ത്രണങ്ങള്‍ വരുത്തുന്നതോടൊപ്പം വ്യായാമത്തിന്റെ പ്രാധാന്യം കൂടി കണക്കിലെടുക്കേണ്ടതുണ്ട്.
അറുപതിന് ശേഷം
60 വയസിനു ശേഷം ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും നടക്കാന്‍ ശ്രമിക്കുക. വാര്‍ധക്യത്തിലെ ഓര്‍മ്മക്കുറവ് പരിഹരിക്കാന്‍ ഇത് സഹായിക്കും. നടക്കുമ്പോള്‍ മസ്തിഷ്കത്തിലെ ഹിപ്പോക്യാപസിന്റെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജസ്വലമാകും. ഇത്് ഓര്‍മ്മശക്തി നിലനിര്‍ത്താന്‍ സഹായകമാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
നടത്തത്തിലൂടെ വിഷാദമകറ്റാനും മാനസിക ഉന്മേഷം വീണ്ടെടുക്കാനുമാകും. നടത്തിലൂടെ ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ സുഗമമാകുന്നതോടൊപ്പം, രോഗങ്ങളുണ്ടാകാനുള്ള സാധ്യതയും കുറയ്ക്കും. കൊറോണറി ഹാര്‍ട്ട് ഡിസീസ്, സ്ട്രോക്ക് എന്നീ രോഗങ്ങള്‍ തടയുന്നതോടൊപ്പം രക്തസമ്മര്‍ദം നിയന്ത്രിക്കാനും സാധിക്കും. കൊളസ്ട്രോള്‍, പ്രമേഹം ഇവയൊക്കെ കുറയുന്നത് ഹൃദ്രോഗത്തിനുള്ള സാധ്യത ഒരു പരിധി വരെ നിയന്ത്രിക്കാനുമാകും.
നടന്നു തുടങ്ങാം
ദിവസവും 30 മിനിറ്റ് നടക്കുന്നതാണ് നല്ല നടത്തമെന്നു പറയുന്നത്. മറ്റ് രോഗങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ഇല്ലാത്തവര്‍ക്ക് 30 മിനിറ്റ് നടക്കാവുന്നതാണ്. നടക്കുന്നതിനു മുന്‍പ് വാംഅപ്പ് ഏത് പ്രായക്കാര്‍ക്കും ആവശ്യമാണ്. ചെറിയൊരു വാംഅപ്പിനു ശേഷം നടത്തം ആരംഭിക്കുക. തുടക്കത്തില്‍ തന്നെ അമിത വേഗത്തില്‍ നടക്കാന്‍ ശ്രമിക്കരുത്. സാവാധാനം നടക്കുക. സാധാരണ വേഗത്തില്‍ നടന്നു ശീലിക്കുക. ഒറ്റയ്ക്ക് നടക്കുമ്പോഴുള്ള വിരസത ഒഴിവാക്കാന്‍ ഒരു ഗ്രൂപ്പിനൊപ്പം നടന്നു തുടങ്ങാം. അയല്പക്കക്കാരെയോ സുഹൃത്തുക്കളെയോ ഉള്‍ക്കൊള്ളിച്ച് ഒരു ഗ്രൂപ്പുണ്ടാക്കുക. എല്ലാവര്ക്കും അനുയോജ്യമായ സമയം കൂടി നിശ്ചയിച്ചാല്‍ നടത്തം അല്പം ആയാസരഹിതമാക്കാം. കൂടാതെ മാനസിക ഉന്മേഷവും ലഭിക്കും.
എപ്പോഴും ഒരേ സ്ഥലം തിരഞ്ഞെടുക്കാതെ നടത്തത്തിനായി പുതിയ വഴികള്‍ തിരഞ്ഞെടുക്കുക. ഇടയ്ക്ക് കടല്തീരങ്ങള് തിരഞ്ഞെടുക്കുന്നതും നന്നായിരിക്കും. മറ്റ് ബുദ്ധിമുട്ടുകളില്ലാതെ ഏത് പ്രായക്കാര്‍ക്കും ചെയ്യാന്‍ കഴിയുന്ന വ്യായാമം നടത്തമാണ്.
നടക്കുമ്പോള്‍ ശ്രദ്ധിക്കാന്‍
പ്രായമായവരെ സംബന്ധിച്ച് പലവിധ ആരോഗ്യപ്രശ്നങ്ങളും അലട്ടുന്നത് വാര്‍ധക്യത്തിലായിരിക്കും. പ്രായമായവര്‍ വ്യായാമം ചെയ്യുപ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രായാധിക്യം മൂലം ഇവര്‍ക്ക്് വേഗത്തില്‍ നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. അതുകൊണ്ട് സാവധാനത്തില്‍ നടത്തത്തിന്റെ വേഗത വര്‍ധിപ്പിക്കുക. ഓരോ ദിവസമായി പതിയെ നടത്തത്തിന്റെ സമയവും കൂട്ടുക. ആദ്യ ദിവസങ്ങളില്‍ തന്നെ 30 മിനിറ്റ് നടക്കാന്‍ നിര്‍ബന്ധിക്കരുത്.
ആദ്യ ദിവസങ്ങളില്‍ പത്ത് മിനിറ്റ് ആണെങ്കില്‍ അടുത്ത ദിവസം കുറച്ചു സമയം കൂടുതല്‍ നടക്കുക. രണ്ടോ മൂന്നോ ആഴ്ചകള്‍ കൊണ്ട് 30 മിനിറ്റിലേക്ക് എത്തുക. ആവശ്യത്തിനു ഭക്ഷണം കഴിച്ചിട്ട് നടക്കുന്നത് ഒഴിവാക്കുക. കഴിവതും രാവിലെ നടക്കുന്നതാണ് ഉത്തമം. വൈകുന്നേരങ്ങളില്‍ ലഘുവായി ഭക്ഷണം കഴിച്ചിട്ട് മാത്രം നടക്കുക.
ഹൃദ്രോഗമുള്ളവര്‍ നിരപ്പായ സ്ഥലങ്ങളിലൂടെ നടക്കുക. നടക്കാന്‍ പോകുമ്പോള്‍ ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുക. അല്പം അയഞ്ഞ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുക. നടക്കുമ്പോള്‍ ആയാസം തോന്നുന്ന രീതിയില്‍ നടക്കരുത്. ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന വസ്ത്രങ്ങളും പാദരക്ഷകളും ഒഴിവാക്കണം.
വിവരങ്ങള്‍ക്ക് കടപ്പാട്:
പ്രീതി പ്രകാശ്