ന്യൂഡല്‍ഹി: തനിക്കെതിരെ നടന്ന വധഭീഷണിയില്‍ പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന് മറുപടി പറയണമെന്ന് നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്സായി. തീവ്രവാദ സംഘടനയായ തെഹ്രീക്ക് ഇ താലിബാന്റെ മുന്‍ വാക്താവ് ഇസാമുള്ള ഇസാന് വധഭീഷണിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തതിനു പിന്നാലെയാണ് മലാലയുടെ പ്രതികരണം.
കഴിഞ്ഞ ദിവസമായിരുന്നു ഇസാമുള്ള മലാലയ്ക്കെതിരെ വധഭീഷണി ഉയര്‍ത്തിയത്. അടുത്ത തവണ തങ്ങള്‍ക്ക് പിഴ്ക്കില്ലെന്നായിരുന്നു മലാലയ്ക്കെതിരെ ഇസാമുള്ള നടത്തിയ ട്വീറ്റ്. 2012 ല്‍ മലാലയെ വെടിവച്ച സംഭവത്തിന്റെ ഉത്തരവാദിത്വം ഇസാമുള്ളയായിരുന്നു ഏറ്റെടുത്തിരുന്നത്. ട്വീറ്റ് വന്നതിനു പിന്നാലെ മലാല പാക് ഭരണകൂടത്തെ വിമര്‍ശിച്ച് രംഗത്തെത്തി.
തന്നെ വെടിവച്ച ഇസാന് എങ്ങനെയാണ് സര്‍ക്കാരിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനും സൈനിക മേധാവിയും വ്യക്തമാക്കണമെന്ന് മലാല ആവശ്യപ്പെട്ടു. 'എന്നെയും നിരവധി നിരപരാധികളെയും ആക്രമിച്ചയാളാണ് തെഹ്രിക് ഇ താലിബാന് വാക്താവ്. അയാളിപ്പോള്‍ സമൂഹമാധ്യമങ്ങള്‍ വഴി ജനങ്ങളെ ഭീഷണിപ്പെടുത്തുന്നു. അയാള്‍ എങ്ങനെ രക്ഷപ്പെട്ടുവെന്ന് വ്യക്തമാക്കണം' ഇമ്രാന് ഖാനെയും പാക് സൈനിക മേധാവിയെയും ടാഗ് ചെയ്തുകൊണ്ട് മലാല ട്വീറ്റ് ചെയ്തു.
മലാലയ്ക്കെതിരെ ട്വിറ്ററിലൂടെ വധഭീഷണി ഉയര്‍ന്നതോടെ ഇസാമുള്ളയുടെ അക്കൗണ്ട് റദ്ദാക്കിയിരുന്നു. പാക് ജയിലിലായിരുന്ന ഇസ്ഹാന് 2020ലാണ് രക്ഷപ്പെട്ടത്. താന്‍ രക്ഷപ്പെട്ടതായി ഇസ്ഹാന് ശബ്ദ സന്ദേശത്തിലൂടെ വ്യക്തമാക്കിയിരുന്നു.






