
നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ പതിവുപോലെ നാട്ടില്‍ നാലാളറിയുന്ന മുഖങ്ങളെ തേടി രാഷ്ട്രീയപാര്‍ട്ടികള്‍ ഓട്ടം തുടങ്ങി. സീറ്റു ചര്‍ച്ചകളും തര്‍ക്കങ്ങളും ഒരു വശത്ത് മുറുകുമ്പോഴും ജയം ഉറപ്പാക്കാന്‍ സിനിമാതാരങ്ങള്‍ക്ക് നേരെയും വലയെറിയുകയാണ്. എത്ര പ്രതിഭയുണ്ടെങ്കിലും സിനിമാക്കാരെ സിനിമാക്കാരായും രാഷ്ട്രീയക്കാരെ രാഷ്ട്രീയക്കാരായും മാത്രം കാണുന്നതാണ് മലയാളികളുടെ രീതി.
സിനിമയില്‍ അഭിനയിച്ച് വിജയിച്ച രാഷ്ട്രീയക്കാര്‍ക്കും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച് വിജയിച്ച സിനിമാക്കാരും മലയാളത്തില്‍ വിരളമാണ്. ഏവരും അംഗീകരിക്കുന്ന സൂപ്പര്‍ താരങ്ങളായിട്ടു പോലും മമ്മൂട്ടിയും മോഹന്‍ലാലും തങ്ങളുടെ രാഷ്ട്രീയം പരസ്യമായി പറയാന്‍ കൂട്ടാക്കിയിരുന്നില്ല. എന്നാല്‍ ഇമേജ് പേടിച്ച് സ്വന്തം രാഷ്ട്രീയം മറച്ചുവെയ്ക്കുന്ന സിനിമാതാരങ്ങളുടെ രീതിയിലും അടുത്ത കാലത്ത് മാറ്റം വന്നിട്ടുണ്ട്. അടുത്ത കാലത്ത് പരസ്യമായി രാഷ്ട്രീയം പറഞ്ഞ് രംഗത്ത് വന്ന ധര്‍മ്മജനും രമേഷ് പിഷാരടിയും തന്നെ ഉദാഹരണം.
ഗണേഷ് കുമാറെന്ന ആദ്യ സിനിമാ എംഎല്‍യുടെ രാഷ്ട്രീയം
കേരളരാഷ്ട്രീയത്തില്‍ സക്സസ്ഫുള്ളാ സിനിമാക്കാരുടെ പട്ടിക ഉണ്ടാക്കാനായാല്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാകും ഉണ്ടാകുക. കേരളത്തിന്റെ സിനിമാ ചരിത്രത്തില്‍ വയലാറും ഒഎന്‍വിയും എംടിയും അടക്കം മലയാളികളുടെ പ്രിയപ്പെട്ട കവികളും എഴുത്തുകാരും സംഗീത നാടക മേഖലയിലെ ഒട്ടനേകം പേരും ജീവിതത്തില്‍ ഉടനീളം രാഷ്ട്രീയവുമായി അഭേദ്യമായ ബന്ധം നില നിര്‍ത്തിയിട്ടുണ്ടെങ്കിലും നടന് ഗണേഷ്കുമാര് വ്യത്യസ്തനാണ്.
പൊതുവേ നടീനടന്മാര്ക്ക് രാശിയില്ലാത്ത കേരളാരാഷ്ട്രീയത്തില്‍ സിനിമയില്‍ നിന്നുള്ള ഏറ്റവും സക്സസ്ഫുള്ളായ രാഷ്ട്രീയക്കാരന് ഗണേശ്കുമാറാണ്. നാലു തവണയാണ് കൊല്ലം ജില്ലയിലെ പത്തനാപുരത്ത് നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ സിനിമാക്കാരന് എന്ന ഇമേജിനേക്കാള്‍ രാഷ്ട്രീയത്തില്‍ പ്രബലനായ പിതാവിന്റെയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെയും പശ്ചാത്തലമായിരുന്നു ഗണേശിന് ഗുണകരമായത്.
കേരള രാഷ്ട്രീയത്തില്‍ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന കോണ്‍ഗ്രസ് ബിയിലേക്ക് പിതാവിന്റെ രാഷ്ട്രീയ പാരമ്പര്യം പിന്തുടര്ന്ന് ഗണേശ് വന്നു. വിവിധ കേരളാ മന്ത്രിസഭകളില്‍ വനം പരിസ്ഥിതി, സ്പോര്‍ട്സ്, ഗതാഗതം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു മികവും കാട്ടി. 2001 ല്‍ പത്തനാപുരത്ത നിന്നും ആദ്യമായി സഭയില്‍ എത്തിയ ഗണേശ്കുമാര്‍ 2006 ലും 2011 ലും ജയിച്ച് ഹാട്രിക്ക് അടിച്ചു.
അതേസമയം സിനിമാ രംഗത്ത് നിന്നും ഒരാള്‍ നിശ്ചയമായും നിയമസഭയിലേക്ക് എത്തുമെന്ന് ഉറപ്പാക്കിയ തെരഞ്ഞെടുപ്പായിരുന്നു പത്തനാപുരത്ത് 2016 ലേത്. കേരളത്തിലെ മൂന്ന് പ്രമുഖ പാര്‍ട്ടികളും മത്സരത്തിനിറക്കിയത് സിനിമാ താരങ്ങളെ. ഗണേശ് കുമാറിന്റെ അപ്രമാദിത്യത്തിന് തടയിടാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത് നടന് ജഗദീഷിനെ ആയിരുന്നു. ബിജെപിയും വിട്ടില്ല. ഭീമന് രഘുവിനെ സ്ഥാനാര്‍ത്ഥിയാക്കി. സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രചരണത്തിന് ഇറങ്ങിയ മണ്ഡലത്തില്‍ നിന്ന് ഒരു സിനിമാ നടന് നിയമസഭയില്‍ എത്തുന്ന കാര്യം ഉറപ്പായിരുന്നു.
ജഗദീഷും രഘുവും വീണു പോയെന്ന് മാത്രം. ജയിച്ച ഗണേശ് രാഷ്ട്രീയവും ടെലിവിഷനും സിനിമയുമെല്ലാം സമാന്തരമായി കൊണ്ടുപോയി. എംഎല്‍എ ആയും മന്ത്രിയായും രാഷ്ട്രീയ തിരക്കിനിടയിലും അഭിനയിക്കാന്‍ ഇടവേള കണ്ടെത്തി. 1985 ല്‍ ഇരകളിലൂടെ കെ.ജി ജോര്‍ജ്ജ് അവതരിപ്പിച്ച ഗണേഷ് 100 ലധികം സിനിമകളിലാണ് വേഷമിട്ടത്. കേരളരാഷ്ട്രീയത്തില്‍ അത്രയൊന്നും പ്രബലമല്ലാത്ത കേരളാകോണ്‍ഗ്രസ് ബി യെ ഇടതും വലതും പാര്‍ട്ടികളില്‍ മാറിമാറി ചവിട്ടി വീണുപോകാതെ കൊണ്ടുപോകാന്‍ കഴിയുന്നതും ഗണേശിലെ രാഷ്ട്രീയക്കാരന്റെ കൗശലമാണ്.
മുകേഷ് ഇത്തവണയും വരുമോ ?
മലയാള സിനിമയില്‍ നിന്നുള്ള രണ്ടാമത്തെ രാഷ്ട്രീയ പിന്‍ബലമുള്ള സിനിമാക്കാരന് മുകേഷാണ്. എംഎല്‍എ ആയത് സിനിമാനടന് എന്ന ഇമേജ് കൊണ്ടായിരുന്നില്ല. കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന മഹാനായ പിതാവിന്റെ രാഷ്ട്രീയ പാരമ്പര്യവും പ്രസ്ഥാനത്തിന്റെ ശക്തിയുമായിരുന്നു. സിനിമാതാരമെന്ന പരിവേഷം മാറ്റി വെച്ചാല്‍ ഇടതുരാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗവും പ്രമുഖ നേതാവും നാടക നടനുമായിരുന്ന ഒ മാധവന്റെ പിന്മുറക്കാരന് എന്ന ഇമേജാണ് സിനിമാ നടന് എന്ന ഇമേജിനേക്കാള്‍ ജനങ്ങള്‍ രാഷ്ട്രീയ ആനുകൂല്യം ചൊരിയാന്‍ കാരണമായത്.
കൊല്ലം നിയോജക മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുകേഷ് 2016 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സൂരജ് രവിയെ 17611 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്പിച്ചു.
പാര്‍ലമെന്റില്‍ എത്തിയ മലയാളി സിനിമാതാരം
സിനിമയില്‍നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച് പാര്‍ലമെന്റില്‍ എത്തിയ ആള് എന്ന ഖ്യാതിയാണ് ഇന്നസെന്റിന്. രാഷ്ട്രീയക്കാരന് എന്ന നിലയില്‍ മുനിസിപ്പില്‍ കൗണ്‍സിലര്‍ ആയി രാഷ്ട്രീയ പരിചയമുള്ള ഇന്നസെന്റ് ഇരിങ്ങാലക്കുടയില്‍ തോല്‍പ്പിച്ചത് കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായ പി.സി.ചാക്കോയെ ആയിരുന്നു.
സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച അനുഭവമായിരുന്നു ഇന്നസെന്റിനെ 2014 ല്‍ ചാലക്കുടിയില്‍ പരീക്ഷിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. അത് ക്ലിക്കായി. 13,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. ഇന്ത്യയില്‍ ഉടനീളം കോണ്‍ഗ്രസ് വിരുദ്ധ വികാരം അലയടിച്ച തെരഞ്ഞെടുപ്പില്‍ അവസാന നിമിഷത്തിലെ സീറ്റ് തര്‍ക്കവും കോണ്‍ഗ്രസിന് തിരിച്ചടിച്ചു.
സിനിമാതാരമെന്ന ഇമേജും നാട്ടുകാരനെന്ന ആനുകൂല്യവും ഇന്നസെന്റിന് ഗുണമായി. എന്നാല്‍ അത് ഒരു തവണത്തേക്ക് മാത്രമായിരുന്നു. രണ്ടാം തവണ 2019 ല്‍ കോണ്‍ഗ്രസിന്റെ ബെന്നി ബെഹന്നാന് മത്സരിച്ചപ്പോള്‍ ജനം ഇന്നച്ചനെ കൈവിട്ടു. 1,30,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആയിരുന്നു ബെന്നി ബെഹന്നാന് സീറ്റ് തിരിച്ചുപിടിച്ചത്.
സുരേഷ്ഗോപിക്ക് പണി കൊടുത്ത തൃശൂരുകാര്
രാഷ്ട്രീയ പാരമ്പര്യത്തിന്റെ പേരിലാണ് ഗണേശ്കുമാറിനെയും മുകേഷിനെയും രാഷ്ട്രീയ കേരളം അംഗീകരിച്ചത്. പക്ഷേ അപ്രതീക്ഷിതമായി രാഷ്ട്രീയത്തിലേക്ക് എത്തിയ അവരുടെ നാട്ടുകാരന് കൂടിയായ സുരേഷ് ഗോപിയ്ക്ക് ആ സ്വീകാര്യത കിട്ടിയില്ല. രാജ്യസഭാ എംപി ആണെങ്കിലും സുരേഷ്ഗോപിയിലെ സൂപ്പര്‍താരത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അംഗീകരിക്കാന്‍ കേരളാ രാഷ്ട്രീയം വിസമ്മതിച്ചു.
സിനിമയിലും രാഷ്ട്രീയത്തിലും ടെലിവിഷന്‍ അവതാരകനുമൊക്കെയായി പ്രതിഭ തെളിയിച്ച സുരേഷ്ഗോപി 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ നിന്ന് എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു തോറ്റു. കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന് 93,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചു കയറി. പ്രതാപന് നാലു ലക്ഷം വോട്ടുകള്‍ നേടിയപ്പോള്‍ 2,90,000 വോട്ടുകളാണ് സുരേഷ്ഗോപിക്ക് കിട്ടിയത്.
സിപിഐ യുടെ രാജാജി മാത്യുവിനും പിന്നില്‍ മൂന്നാമതാണ് സുരേഷ്ഗോപിയെ ജനം കണ്ടത്. സുരേഷ്ഗോപിയുടെ ''തൃശൂര്‍ എനിക്ക് വേണം, ഞാന്‍ എടുക്കുകയാണ്'' എന്ന ഡയലോഗ് 'ദേ പോയി ദാ വന്നു' എന്നത് പോലെ ട്രോളായി മാറുകയും ചെയ്തു.
തെരഞ്ഞെടുപ്പില്‍ ജനം തളളിയെങ്കിലും 2016 ല്‍ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്തതിനെ തുടര്‍ന്ന് സുരേഷ്ഗോപി രാജ്യസഭയില്‍ എത്തി. ഇക്കുറിയും ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പരിഗണിക്കുന്ന സ്ഥാനാര്‍ത്ഥി പട്ടികയില്‍ അദ്ദേഹവുമുണ്ട്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഭയപ്പെട്ട പ്രേംനസീര്‍
മലയാളത്തില്‍ സിനിമാ അഭിനേതാക്കളില്‍ രാഷ്ട്രീയവുമായി കൈകോര്‍ത്ത ആദ്യ സൂപ്പര്‍താരം പ്രേം നസീറാണ്. മലയാള ചലച്ചിത്ര രംഗത്തെ നിത്യഹരിത നായകനായിരുന്ന അദ്ദേഹം ഒരു ഘട്ടത്തില്‍ ചിറയിന്‍കീഴില്‍ നിന്നും മത്സരിക്കുമെന്ന് വരെ പ്രതീക്ഷിക്കപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് ഐ യുടെ സ്ഥാനാര്‍ത്ഥിയാകാന്‍ കാത്തിരുന്ന അദ്ദേഹം കെ. കരുണാകരനുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഈ നീക്കത്തില്‍ നിന്നും പിന്തിരിഞ്ഞു. എങ്കിലും കോണ്‍ഗ്രസിനായി പ്രചരണത്തിനിറങ്ങി.
2019 ല്‍ മകന് ഷാനവാസ് നടത്തിയ വെളിപ്പെടുത്തലില്‍ അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ നസീറിനെ ഭീഷണി ഉയര്‍ന്നിരുന്നതായി പറഞ്ഞിരുന്നു. ഇന്ദിരാഗാന്ധിയുടെ താല്പ്പര്യമായിരുന്നു നസീറിന്റെ സ്ഥാനാര്‍ത്ഥിത്വം. ഇന്ദിരാഗാന്ധി നേരിട്ട് വിളിച്ച് കോണ്‍ഗ്രസിനായി ഇറങ്ങണമെന്ന് പറഞ്ഞെങ്കിലും നസീര്‍ താല്‍പ്പര്യം കാട്ടിയില്ല. ഇന്‍കം ടാക്സ് റെയ്ഡ് വന്നിട്ടും ഭീഷണിക്ക് വഴങ്ങിയില്ല. ഒടുവില്‍ മത്സരിക്കാനില്ലെന്നും വേണമെങ്കില്‍ പ്രചരണത്തില്‍ പങ്കെടുക്കാമെന്നും നിലപാട് എടുക്കുകയായിരുന്നത്രേ.
അടിമുടി ഇടതുപക്ഷക്കാരനായ മുരളി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്നസെന്റിനും സുരേഷ്ഗോപിയ്ക്കും ഒരു മുന്‍ഗാമിയുണ്ട്. അടിമുടി ഇടതുപക്ഷ രാഷ്ട്രീയത്തില്‍ അടിയുറച്ച് നിന്ന മലയാളത്തിലെ മികച്ച നടന്മാരില് പെടുന്ന മുരളി. പക്ഷേ നടനെന്ന ഇമേജ് 1999 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുരളിയ്ക്ക് തുണയായില്ല. വിഎം സുധീരനെതിരേ ആലപ്പുഴയില്‍ പരാജയപ്പെട്ടു.
ഇത്തവണയും സിനിമാക്കാര് തന്നെ പ്രധാന ചര്‍ച്ച
തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ നടീനടന്മാരില് ആരൊക്കെ നിയമസഭയില്‍ എത്തുമെന്നത് ഒരു സസ്പെന്‍സ് സിനിമ പോലെയാകുന്നുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളില്‍ ഇത്തവണയും സിനിമാക്കാരുടെ പേരുകളുണ്ട്. സിറ്റിംഗ് എംഎല്‍എമാരായ ഗണേശ്കുമാര്‍, മുകേഷ് എന്നിവര്‍ക്ക് പുറമേ സുരേഷ്ഗോപി എംപി., ധര്മ്മജന് ബോള്‍ഗാട്ടി, ജഗദീഷ്, കൃഷ്ണകുമാര്‍, പാര്‍വ്വതി തിരുവോത്ത് തുടങ്ങി വിവിധ മുന്നണികളില്‍ പറഞ്ഞു കേള്‍ക്കുന്ന പേരുകള്‍ നീളുന്നു.
‘കലാകാരന്മാര് എന്നാല്‍ കമ്യൂണിസ്റ്റുകാര്‍’ ; അക്കാലം പോയി
കലാകാരന്മാര് എന്നാല്‍ കമ്യൂണിസ്റ്റുകാര്‍ എന്ന് അര്‍ത്ഥമാക്കിയിരുന്ന കാലത്ത് നിന്നും വ്യത്യസ്തമായി കോണ്‍ഗ്രസിന്റെയും ബിജെപിയുടെയുമെല്ലാം ചായ്വുകളും താരങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരളയാത്രയില്‍ തങ്ങള്‍ കോണ്‍ഗ്രസുകാരാണെന്ന് പറഞ്ഞുകൊണ്ടാണ് ധര്‍മ്മജനും രമേഷ് പിഷാരടിയും ഇടവേള ബാബുവുമെല്ലാം ഇമേജിന്റെ തടവറ പൊട്ടിച്ചെറിഞ്ഞത്.
കോണ്‍ഗ്രസിന് വേണ്ടി പരസ്യമായി പ്രചരണത്തിനിറങ്ങാന്‍ സലിംകുമാര്‍ ധൈര്യം കാട്ടിയപ്പോള്‍ ധര്മ്മജന് ബോള്‍ഗാട്ടി അല്‍പ്പം കൂടി മുമ്പോട്ടു പോയി. സിപിഎമ്മിന്റെ കോട്ടയായ ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് പരിഗണിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് ധര്മ്മജന്.
ബിജെപിക്കാരന് ആണെന്ന് പ്രഖ്യാപിച്ചതിന് രാഷ്ട്രീയ എതിരാളികളില്‍ നിന്നും സുരേഷ്ഗോപി വാങ്ങിയ വിമര്‍ശനത്തിന് കയ്യും കണക്കുമില്ല. ടെലിവിഷന്‍ മേഖലയിലൂടെ ശ്രദ്ധേയനായ നടന് കൃഷ്ണകുമാറും പരസ്യമായി ബിജെപി അംഗത്വം എടുത്തു. വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത താന്‍ എബിവിപിയുടെയും പിന്നീട് സംഘപരിവാറുമായി സഹവര്‍ത്തിത്വം പുലര്‍ത്തുകയും ചെയ്തിരുന്നെന്നും തുറന്നടിച്ചിരിക്കുകയാണ്. കൃഷ്ണകുമാറിനെ തിരുവനന്തപുരത്തേക്ക് ബിജെപി പരിഗണിക്കുന്നുമുണ്ട്.
മാറിക്കൊണ്ടോയിരിക്കുന്ന ഖുശ്ബു ; ഡിഎംകെ, കോണ്‍ഗ്രസ് വഴി ഒടുവില്‍ ബിജെപിയില്‍
ഒട്ടേറെ മലയാള സിനിമകളില്‍ പ്രത്യക്ഷപ്പെട്ട് മലയാളികളുടെ പ്രിയം സമ്പാദിച്ച ഖുശ്ബു കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയം തുടങ്ങിയത്. എന്നാല്‍ എത്തി നില്‍ക്കുന്നത് ബിജെപിയിലും. ഒരു കാലത്ത് തമിഴ് സിനിമാ പ്രേമികള്‍ ക്ഷേത്രം വരെ നിര്‍മ്മിച്ച് സ്നേഹിച്ച ഖുശ്ബു 2010 ല്‍ ഡിഎംകെ യിലാണ് ആദ്യം ചേര്‍ന്നത്. നാലു വര്‍ഷത്തിന് ശേഷം 2014 നവംബറില്‍ കോണ്‍ഗ്രസിന്റെ ഭാഗമായി. സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ചയാണ് ഖുശ്ബുവിനെ കോണ്‍ഗ്രസിലേക്ക് അടുപ്പിച്ചത്. 2020 ല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. ഈ വര്‍ഷം തമിഴ്നാട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ ഒരുങ്ങുകയാണ്.
ബിജെപിയില്‍ തുടങ്ങി കറങ്ങി നടന്ന വിജയശാന്തി ; ബിജെപിയില്‍ തന്നെ ഒടുവില്‍ അഭയം
മലയാളത്തില്‍ രണ്ടേ രണ്ടു ചിത്രങ്ങളാണ് തെലുങ്കില്‍ ആക്ഷന്‍ ഹീറോയിനായി ഉയര്‍ന്ന വിജയശാന്തി അഭിനയിച്ചിട്ടുള്ളത്. ലേഡി സൂപ്പര്‍സ്റ്റാര്‍ വിശേഷണമുള്ള വിജയശാന്തി 1998 ല്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയുടെ മഹിളാമോര്‍ച്ചയുടെ സെക്രട്ടറി പദവിലേക്കും ഉയര്‍ന്നു. സോണിയാഗാന്ധിക്കെതിരേ 1999 ല്‍ കടപ്പ ലോക്സഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കുകയും ചെയ്തു. സോണിയാഗാന്ധി പിന്നീട് അവിടെ നിന്നും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ച് ബെല്ലാരിയില്‍ മത്സരിക്കാന്‍ പോയത് ചരിത്രം. 2009 ല്‍ മെഡക്ക് മണ്ഡലത്തില്‍ ടിആര്‍എസിനൊപ്പം മത്സരിച്ച് എംപിയായി. 2011 ല്‍ തെലുങ്കാന പ്രക്ഷോഭത്തെ തുടര്‍ന്ന് എംപി സ്ഥാനം രാജിവെച്ചു. പിന്നീട് ടിആര്‍എസില്‍ നിന്നും വിട്ടു കോണ്‍ഗ്രസില്‍ എത്തുകയും അതിന് ശേഷം അവിടെ നിന്നും കഴിഞ്ഞ വര്‍ഷം ബിജെപിയുടെ ഭാഗമാകുകയും ചെയ്തു.
മലയാളത്തില്‍ വളരെ കുറച്ചു മാത്രം സിനിമയില്‍ അഭിനയിച്ചിട്ടുള്ള റോജ തെലുഗു ദേശം പാര്‍ട്ടിയിലൂടെ 1999 ലാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത് . തെലുഗു മഹിളാ വിംഗ് പ്രസിഡന്റായിരുന്നു. ആദ്യ തവണ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ടിഡിപി വിട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ഭാഗമായി. നാഗ്രി മണ്ഡലത്തില്‍ നിന്നും വിജയിച്ച് എംഎല്‍എയുമായി. 2019 ലും ഇവിടെ നിന്നും ജയിച്ചു.
പരസ്യമായി രാഷ്ട്രീയം പറയുന്ന സംവിധായകര്‍
താരങ്ങള്‍ക്കൊപ്പം പരസ്യമായി രാഷ്ട്രീയം പറയാന്‍ ധൈര്യം കാട്ടിയ ഏതാനും സംവിധായകരെയും മലയാള രാഷ്ട്രീയ വേദി പരിഗണിച്ചിരുന്നു. രാമു കാര്യാട്ട്, ലെനിന് രാജേന്ദ്രന്, അലി അക്ബര്‍, രാജസേനന്.. നിര അങ്ങിനെ നീളുന്നു.
നിയമസഭയിലേക്കും ലോക്സഭയിലേക്കും മത്സരിച്ച രാമുകാര്യാട്ടാണ് ഇക്കാര്യത്തില്‍ മുമ്പന്‍. ഇടതുപക്ഷ അനുഭാവിയായിരുന്ന അദ്ദേഹം ഒരു പ്രാവശ്യം അസംബ്ളിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1965 മാര്‍ച്ച് 4നാണ് കേരളത്തിലെ മൂന്നാമത്തെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. മാര്‍ച്ച് 17ന് ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാല്‍ 133 അംഗങ്ങളുണ്ടായിരുന്ന സഭ സത്യപ്രതിജ്ഞ നടത്താതെ മാര്‍ച്ച് 24ന് ഗവര്‍ണ്ണര്‍ വി.വി. ഗിരിയുടെ ശുപാര്‍ശപ്രകാരം ഉപരാഷ്ട്രപതി ഡോ. സക്കീര്‍ ഹുസൈന് പിരിച്ചുവിട്ടു.
മലയാളികളെ ഏറെ ചിരിപ്പിച്ച ജൂനിയര്‍ മാന്‍ഡ്രേക്ക് അടക്കം 20 ചിത്രങ്ങള്‍ ചെയ്ത അലി അക്ബര്‍ രണ്ടു തവണയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. ആദ്യം ആംആദ്മി പാര്‍ട്ടിയ്ക്കൊപ്പം വടകരയില്‍ നിന്നും 2014 ലെ ലോക്സഭയിലേക്ക് മത്സരിച്ചു തോറ്റു. പിന്നീട് ബിജെപിയില്‍ ചേര്‍ന്നു. കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് മത്സരിച്ചു തോറ്റു. 2016ല്‍ അരുവിക്കര നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു രാജസേനന്. പക്ഷേ പരാജയപ്പെട്ടു.
രാഷ്ട്രീയത്തില്‍ നിന്നും സിനിമയില്‍ അഭിനയിച്ചവര്‍
കാസര്‍ഗോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താനും ജനപക്ഷം എംഎല്‍എ പിസി ജോര്‍ജ്ജും സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനുമെല്ലാം രാഷ്ട്രീയത്തില്‍ നിന്നും സിനിമയില്‍ അഭിനയിച്ചവരാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും സിനിമയിലേക്ക് എത്തിയയാളാണ് സംവിധായകന് എംഎ നിഷാദ്.