
ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം നേരിടുന്ന കോണ്‍ഗ്രസ് എം.പി കാര്‍ത്തി ചിദംബരത്തിന് വിദേശയാത്രയ്ക്ക് സുപ്രീം കോടതി അനുമതി. രണ്ടു കോടി രൂപ കോടതിയില്‍ കെട്ടിവച്ച ശേഷം വിദേശത്തേക്ക് പോകാം.
കാര്‍ത്തിയ്ക്ക് രണ്ടു കോടി രൂപയുടെ ബോണ്ട് നല്‍കിയതില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എതിര്‍ത്തു. ഇതേ കേസില്‍ മറ്റൊരു കോടതി പത്ത് കോടി രൂപയുടെ ബോണ്ട് ആണ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് ഇ.ഡി ചൂണ്ടിക്കാട്ടി. എന്നാല്‍ കാര്‍ത്തി പാര്‍ലമെന്റ് അംഗമാണെന്നും രാജ്യത്തുനിന്ന് ഒളിച്ചോടാന്‍ കഴിയില്ലെന്നും അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷകന് കപില്‍ സിബല്‍ വാദിച്ചു. 10 കോടി എന്ന വ്യവസ്ഥ ഇളവ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
കേസില്‍ കാര്‍ത്തിയും പിതാവ് പി.ചിദംബരവും സി.ബി.ഐയുടെയും ഇ.ഡിയുടേയും അന്വേഷണം നേരിടുകയാണ് ചിദംബരത്തെ 2019ല്‍ അറസ്റ്റു ചെയ്തിരുന്നു. തിഹാര്‍ ജയിലില്‍ 100 ദിവസം കഴിഞ്ഞശേഷമാണ് അദ്ദേഹം പുറത്തിറങ്ങിയത്.
2018 മാര്‍ച്ചില്‍ ലണ്ടനില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങിയയുടന്‍ കാര്‍ത്തിയേയും സി.ബി.ഐ അറസ്റ്റു ചെയ്തിരുന്നു. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കാണിച്ചായിരുന്നു അറസ്റ്റ്. 22 ദിവസത്തിനു ശേഷമാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.
2007ല്‍ ചിദംബരം കേന്ദ്ര ധനമന്ത്രിയായിരിക്കേ ഐ.എന്‍.എക്സ് മീഡിയയില്‍ കാര്‍ത്തി വന്‍തോതില്‍ കള്ളപ്പണം നിക്ഷപിച്ചുവെന്നാണ് കേസ്. പീറ്റര്‍, ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി.






