
ശ്രീനഗര്‍: കശ്മീര്‍ താഴ്വരയില് ഒരിടവേളയ്ക്ക് ശേഷം വീണ്ടും ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു.കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ട്രെയിന്‍ ഗതാഗതം 11 മാസങ്ങള്‍ക്ക് ശേഷമാണ് തിങ്കളാഴ്ചയോടെ പുന:സ്ഥാപിച്ചത്.
കശ്മീര്‍ താഴ്വരയില് ബനിഹല്‍-ബാരാമുള്ള സെക്ടറില്‍ തിങ്കളാഴ്ച മുതല്‍ ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിക്കുമെന്നും, പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായി ആദ്യം രണ്ട് സര്‍വീസുകള്‍ നടത്തുമെന്നും റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു. ടൂറിസം രംഗത്ത് വീണ്ടും ഉയര്‍ച്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ട്രെയിന്‍ ഗതാഗതം ഓരോ ഘട്ടങ്ങളായി റെയില്‍വേ പുന:സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ 65 ശതമാനം ട്രെയിന്‍ സര്‍വീസുകളാണ് ഓടുന്നത്. ജനുവരിയില്‍ മാത്രം 250 ഓളം ട്രെയിന്‍ സര്‍വീസുകള്‍ വീണ്ടും ആരംഭിച്ചുകഴിഞ്ഞു. ഇനിയും കൂടുതല്‍ സര്‍വീസുകള്‍ ഘട്ടങ്ങളായി ആരംഭിക്കുമെന്നും റെയില്‍വേ വക്താവ് വ്യക്തമാക്കി. നിലവില്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ മാത്രമാണ് രാജ്യത്തുടനീളം സര്‍വീസ് നടത്തുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചത്.






