മുംബൈ: രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് വിമര്‍സനവുമായി ശിവസേന മുഖപത്രമായ സാമ്നയുടെ മുഖപ്രസംഗം. അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണത്തിനായി ധനസമാഹരണം നടത്തുന്നതിന് പകരം സര്‍ക്കാര്‍ ചെയ്യേണ്ടത് ഇന്ധനവില കുറയ്ക്കുകയാണ് വേണ്ടതെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.
'ജനങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശമുണ്ട്. അവശ്യവസ്തുക്കളുടെ വില നിയന്ത്രണത്തില്‍ കൊണ്ടുവരേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. സര്‍ക്കാര്‍ ഇതിനെ മറയാക്കുകയാണെങ്കില് ജനങ്ങള്‍ അത് ഓര്‍മ്മിപ്പിക്കും. രാമക്ഷേത്രത്തിനായി സംഭാവന പിരിക്കുന്നതിനു പകരം ആകാശത്തേക്ക് കുതിക്കുന്ന ഇന്ധനവില പിടിച്ചു നിര്‍ത്തുകയാണ് വേണ്ടത്. അങ്ങനെ ചെയ്താല്‍ രാമ ഭഗവാന് സന്തോഷമാകും' മുഖപ്രസംഗത്തില്‍ പറയുന്നു.
അതേസമയം സിവസേനയുടെ യുവജന സംഘടനയായ 'യുവസേന' പ്രചാരണം ആരംഭിച്ചിട്ടുണ്ട്. 'യഹി ഹേ അച്ചേ ദിന്?' എന്ന ചോദ്യങ്ങളുയര്‍ത്തി കൊണ്ട് മുംബൈയിലെ നിരവധി പെട്രോള്‍ പമ്പുകളിലും പാതയോരങ്ങളിലും യുവസേന ബാനറുകള്‍ സ്ഥാപിച്ചു. 2014ലെയും 2021ലെയും പെട്രോള്‍, ഡീസല്‍, പാചകവാതക എന്നിവയുടെ വിലകള്‍ ഉള്‍പ്പെടുത്തിയുള്ള ബാനറുകളും ഉണ്ട്.






