
വാഷിങ്ടണ്‍: അമേരിക്കയില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന മെക്സിക്കന്‍ മയക്കുമരുന്നു രാജാവ് ജൊവാക്കിം ഗുസ്മ(എല്‍ ചാപ്പോ)ന്റെ ഭാര്യ അറസ്റ്റില്‍. വടക്കന്‍ വിര്‍ജീനിയയിലെ ഡാളസ് രാജ്യാന്തര വിമാനത്താവളത്തില്‍നിന്നാണ് 31 വയസുകാരിയായ എമ്മ കോര്‍ണല്‍ എസ്പിറോയെ യു.എസ്. അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തത്. രാജ്യത്തേക്ക് കൊക്കെയ്നും മെത്താഫിറമീനുമടക്കമുള്ള മയക്കുമരുന്നു കടത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തി യു.എസ്. നീതിന്യായ വകുപ്പാണ് എമ്മയെ അറസ്റ്റ് ചെയ്തത്.
2015 ലും 2016 ലും എല്‍ ചാപ്പോ മെക്സിക്കന്‍ ജയിലില്‍നിന്നു രക്ഷപ്പെട്ട സംഭവങ്ങളില്‍ എമ്മയ്ക്കു പങ്കുണ്ടെന്നും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. അതേസമയം, എമ്മയുടെ അറസ്റ്റുമായി തങ്ങള്‍ക്കു ബന്ധമില്ലെന്നും അവര്‍ക്കെതിരേ രാജ്യത്ത് കേസുകള്‍ നിലവിലില്ലെന്നും മെക്സിക്കന്‍ അധികൃതര്‍ വ്യക്തമാക്കി. രണ്ടു വര്‍ഷം മുമ്പ് യു.എസില്‍ നടന്ന എല്‍ ചാപ്പോയുടെ വിചാരണയ്ക്കിടെ കോടതിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഈ മുന്‍ സൗന്ദര്യ റാണി.
ഗുസ്മന്റെ കേസില്‍ വിചാരണ നടക്കുന്നതിനിടെ ആഡംബര വസ്ത്രങ്ങളോടെയും സ്റ്റൈലിലും ഇടയ്ക്കിടെ കോടതിയില്‍ പ്രത്യക്ഷപ്പെട്ടിരുന്ന എമ്മ അധോലോക രാജാവിന് വേണ്ടി നിയമപോരാട്ടം നടത്തുന്നതിന് പുറമേ ഫാഷന്‍ ഐക്കണ്‍ എന്ന നിലയില്‍ കൂടി ശ്രദ്ധ നേടിയിരുന്നു. സ്വന്തം ബ്രാന്‍ഡിലുള്ള വസ്ത്രങ്ങള്‍ പുറത്തിറക്കുകയും ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുകയും ചെയ്തു. മാഫിയ കുടുംബങ്ങളെക്കുറിച്ചുള്ള റിയാലിറ്റി ഷോയില്‍ കുട്ടികളെയൊക്കെ വളര്‍ത്തുന്ന വിശ്വസ്തയായ ഒരു ഭാര്യ എന്ന നിലയിലാണ് എമ്മ സ്വയം പരിചയപ്പെടുത്തിയത്.
തന്നെ ഒരു സാധാരണസ്ത്രീയായി മാത്രമാണ് താന്‍ പരിഗണിക്കുന്നതെന്നും പറഞ്ഞിരുന്നു. ഒന്നും മനസിലാക്കാതെയാണ് മറ്റുള്ളവര്‍ കാര്യങ്ങള്‍ വിലയിരുത്തുന്നതെന്നും പറഞ്ഞു. ലോകത്തെ കുപ്രസിദ്ധ മാഫിയ തലവന്റെ ഭാര്യ എന്ന നിലയില്‍ അമേരിക്കന്‍ പോലീസ് എമ്മയെ നിരീക്ഷിച്ചു വരികയായിരുന്നു. സാന്‍ഫ്രാസിസ്കോയില്‍ ജനിച്ച് മെക്സിക്കോയിലെ ദുരംഗോയില്‍ വളര്‍ന്ന എമ കൊറോണല്‍ ഐസ്പുറോ ലഹരിമാഫിയ തലവനായ ഗുസ്മനെ വിവാഹം കഴിച്ചത് 18 വയസ്സ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു.
തന്നെക്കാള്‍ മൂന്നിരട്ടി അധികം പ്രായമുള്ള ലഹരിമരുന്ന് രാജാവിനെ വിവാഹം കഴിച്ചതോടെ അവരും വാര്‍ത്തയില്‍ ഇടംപിടിച്ചു. പോലീസിനെയും വിവിധ അന്വേഷണ ഏജന്‍സികളെയും വെട്ടിച്ച് ഒളിവിലിരുന്ന് ഗുസ്മാന് തന്റെ മയക്കുമരുന്ന് അധോലോകത്തെ ഗുസ്മാന് നിയന്ത്രിച്ചപ്പോള്‍ എമ്മ അയാളുടെ രണ്ടു മക്കളെയും പരിപാലിച്ച് ഗുസ്മനൊപ്പം ദാമ്പത്യജീവിതം ആസ്വദിച്ചു. 2015 ല്‍ ഗുസ്മാന് രണ്ടാം തവണ ജയില്‍ ചാടിയപ്പോള്‍ എമ്മയുടെ സഹായം കിട്ടിയെന്നാണ് മെക്സിക്കന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.
സെല്ലിന് താഴെനിന്ന് ജയില്‍വളപ്പിന് പുറത്തേക്ക് തുരങ്കം നിര്‍മിച്ചായിരുന്നു രക്ഷപ്പെടല്‍. ജയിലിനടുത്ത് എമ്മയും സംഘവും ദിവസങ്ങള്‍ നീണ്ട ഓപ്പറേഷനൊടുവിലാണ് ഗുസ്മനെ ജയിലില്‍നിന്ന് പുറത്തെത്തിച്ചെന്നാണ് അധികൃതരുടെ വാദം. 1993-ലാണ് മാഫിയ തലവനായ ഗുസ്മന്‍ ആദ്യമായി പിടിയിലാകുന്നത്. അന്ന് ഗ്വാട്ടിമാലയില്‍ പിടിയിലായ ഗുസ്മനെ പിന്നീട് മെക്സിക്കോയ്ക്ക് കൈമാറുകയും 20 വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. 2001-ല്‍ ഇയാള്‍ ജയില്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ജയില്‍ചാടി. പിന്നീട് 2014-ലാണ് ഗുസ്മന്‍ വീണ്ടും പിടിയിലായത്.