
തിരുവനന്തപുരം: കേരള പോലീസില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച യുവ ഐ.പി.എസ് ഓഫീസര്‍ യതീഷ് ചന്ദ്ര തല്ക്കാലത്തേയ്ക്കെങ്കിലും കേരളം വിടുന്നു. മൂന്നു വര്‍ഷത്തേയ്ക്ക് കര്‍ണാടക കേഡറിലേയ്ക്ക് മാറാനുള്ള യതീഷ് ചന്ദ്രയുടെ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു.
ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അധിക്ഷേപിച്ചു എന്നതു മുതല്‍ ഏറ്റവുമവസാനം കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തതിന് കണ്ണൂരില്‍ നൂറോളം പേരെ ഏത്തമിടീച്ചതുവരെയുള്ള വിവാദങ്ങളില്‍പെട്ട യതീഷ് ചന്ദ്ര പക്ഷേ മിടുക്കനായ പോലീസ് ഓഫീസര്‍ എന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വൈപ്പിനിലെ ലാത്തിചാര്‍ജ് അടക്കമുള്ള വിവാദങ്ങള്‍ക്കിടെ അദ്ദേഹത്തെ ഇടതുസര്‍ക്കാര്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയായി നിയോഗിച്ചതും വാര്‍ത്തയായി. രണ്ടുവര്‍ഷം കണ്ണൂരിലിരിക്കെ നിരവധി പരിഷ്കാരങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
മുഖംനോക്കാതെയുള്ള നടപടികള്‍ കാരണം അദ്ദേഹം സി.പി.എം. അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ കണ്ണില്‍ കരടായി മാറിയിരുന്നു. പക്ഷേ ക്രമസമാധാന പാലനത്തില്‍ നിരവധി നേട്ടങ്ങള്‍ അദ്ദേഹം സ്വന്തമാക്കി. എന്നാലും മുഖ്യമന്ത്രിയുടെ അടക്കമുള്ള വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം വിധേയനായി. യതീഷ് ചന്ദ്രയെ നിയന്ത്രിക്കാന്‍ എ.ഡി.ജി.പി: വിജയ് സാഖറെയെ സര്‍ക്കാരിന് നിയോഗിക്കേണ്ടിവരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ കഴിഞ്ഞ മാസം കെ.എ.പി. നാലാം ബറ്റാലിയന് മേധാവിയാക്കി മാറ്റിയത്.






