
മുംബൈ: പതഞ്ജലി ഇറക്കിയ കൊറോണിൽ ഗുളിക മഹാരാഷ്ട്രയിൽ നിരോധിച്ചു. കോവിഡ് പ്രതിരോധ മരുന്നായാണ് കൊറോണിൽ ഇറക്കിയത്. മരുന്ന് മഹാരാഷ്ട്രയിൽ വിൽക്കാൻ അനുവദിക്കില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി അനിൽ ദേശ്മുഖ് വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയുടെ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്ന കമ്പനിയുടെ പ്രഖ്യാപനത്തെ സംഘടന തന്നെ തള്ളിയിട്ടുണ്ടെന്നും ഇത് സംസ്ഥാനത്ത് വിൽക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ആയുഷ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് മരുന്നു പുറത്തിറക്കുന്നതെന്ന് രാംദേവ് അവകാശപ്പെട്ടിരുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും പതഞ്ജലിക്ക് എതിരാണ്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ അംഗീകാരമുള്ളതായും 158 രാജ്യങ്ങളിൽ ഇത് വിൽക്കാമെന്നും പതഞ്ജലി അവകാശപ്പെട്ടിരുന്നു.






