
തിരുവനന്തപുരം: ഓണക്കിറ്റില്‍ കാശിനുകൊള്ളാത്ത ശര്‍ക്കര വിതരണംചെയ്ത സംഭവം ഒതുക്കിത്തീര്‍ക്കുന്നു. സപ്ളൈകോയ്ക്കും ഖജനാവിനും കോടികളുടെ നഷ്ടം വരുത്തിയ ഇടപാടാണിത്. ഒരു വര്‍ഷമാകാറായിട്ടും, വിതരണക്കാര്‍ക്കെതിരേ നടപടിയെടുക്കാതെ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി എടുക്കുന്നുവെന്ന് വരുത്തിത്തീര്‍ത്ത് ഫയല്‍ ക്ളോസ് ചെയ്യാന്‍ വിജിലന്‍സ് നീക്കം. ശര്‍ക്കര വിതരണംചെയ്ത കോനുപറമ്പന്‍ ട്രേഡേഴ്സ് എന്ന വിതരണക്കാരനെതിരേ ഒരു നടപടിയുമില്ല.
വിതരണക്കാര്‍ക്ക് പര്‍ച്ചേസ് ഓര്‍ഡര്‍ നല്കിയ എഫ്.എം.സി.ജി മാനേജര്‍ക്കെതിരേ നടപടിയെടുക്കണമെന്നാണ് വിജിലന്‍സ് ഓഫീസര്‍ സെപ്ലെകോയോട് നിര്‍ദേശിച്ചിരിക്കുന്നത്. മാനേജര്‍ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയത് സെപ്ലെകോ ഉത്തരവിനു വിരുദ്ധമായിട്ടാണെന്നും ബി.ഇ.എസ് (ബ്യൂറോ ഓഫ് എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ്) നിരക്കിനെക്കാള്‍ കൂടിയ നിരക്കാണെന്നും ചൂണ്ടിക്കാട്ടിയാണിത്. സിവില്‍ സെപ്ലെസ് വകുപ്പില്‍നിന്നും ഡി.എസ്.ഒ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് എഫ്.എം.സി.ജി മാനേജര്‍ ആയി ഡെപ്യൂട്ടേഷനില്‍ വന്നിരിക്കുന്നത്.
ഇദ്ദേഹത്തിനെതിരേ നടപടി സ്വീകരിക്കാന്‍ നിലവിലെ നിയമപ്രകാരം സെപ്ലെകോ സി.എം.ഡിക്ക് അധികാരമില്ല. സിവില്‍ സെപ്ലെസ് ഡയറക്ടര്‍ക്കു മാത്രമാണ് ഇതിന് അധികാരം. തെരഞ്ഞെടുപ്പ് അടുത്തതോടെ ഇതിനു സാധ്യതയുമില്ല. അങ്ങനെയിരിക്കെ എഫ്.എം.സി.ജി മാനേജര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് വിജിലന്‍സ് ശിപാര്‍ശ നല്‍കിയത് സെപ്ലെകോ സി.എം.ഡിക്കും. ഇത് ഓണക്കിറ്റ് വിവാദത്തില്‍ നടപടിയെടുത്തുവെന്ന് വരുത്തിത്തീര്‍ത്ത് പുകമറ സൃഷ്ടിക്കാനാണെന്നു വ്യക്തം.






