ചെന്നൈ: നടന് ശരത് കുമാറിന്റെ അഖിലേന്ത്യ സമത്വ മക്കള്‍ കക്ഷി എന്‍ഡിഎ വിട്ട് കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിനൊപ്പം ചേര്‍ന്നു. സീറ്റ് വിഭജന ചര്‍ച്ചയ്ക്ക് പോലും വിളിക്കാതെ അപമാനിച്ചതോടെയാണ് എന്‍ഡിഎ വിട്ടതെന്ന് സരത് കുമാര്‍ വ്യക്തമാക്കി. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അദേഹം പറഞ്ഞു.
ചെന്നൈയിലെ മക്കള്‍ നീതി മയ്യം ഓഫീസിലെത്തി കമല്‍ഹാസനെ കണ്ടശേഷമാണ് മുന്നണിമാറ്റം പ്രഖ്യാപിച്ചത്. അതേസമയം എസ്ആര്‍എം ഗ്രൂപ്പ് സ്ഥാപകന്‍ പച്ചമുത്തുവിന്റെ ഇന്തിയ ജനനായക കക്ഷിയുടെ വൈസ് പ്രസ്ഡന്റ് രവി ബാബുവും കമല്‍ഹാസനുമായി കൂടിക്കാവ്ച നടത്തി. നിലവില്‍ ഡിഎംകെ സഖ്യത്തിലുള്ള പാര്‍ട്ടി മക്കള്‍ നീതി മയ്യത്തില്‍ ചേരുമെന്നാണ് സൂചന.
മുന്‍ അണ്ണാഡിഎംകെ നേതാവും എംഎല്‍എയുമായ പഴ കറുപ്പയ്യയും കമലിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നു. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന സന്നദ്ധ സംഘടന സട്ട പഞ്ചായത്തും കമലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ പേരുമായി കമല്‍ ചര്‍ച്ച തുടരുകയാണ്. അതേസമയം രജനീകാന്തിന്റെ പിന്തുണ കൂടി ഉറപ്പിക്കാന്‍ നീക്കങ്ങള്‍ സജീവമാക്കിയിരിക്കുകയാണ് കമല്‍. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ തമിഴ്നാട്ടില്‍ അധികാരം ഉറപ്പിക്കാന്‍ മുന്നണികള്‍ ശക്തമായ പ്രചാരണം നടത്തുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാര്‍ച്ച് ഒന്ന് വരെ തമിഴ്നാട്ടില്‍ തുടരും.






