
തൃശൂര്‍: കേരള ജനപക്ഷം നേതാവ് പി. സി. ജോര്‍ജ് എന്‍.ഡി.എ. സഖ്യത്തില്‍ ചേരുമെന്നു വ്യക്തമാക്കി ബി.ജെ.പി. ശനിയാഴ്ച രാത്രി നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ പി.സി. ജോര്‍ജ് പങ്കെടുത്തിരുന്നു. പൂഞ്ഞാര്‍ സീറ്റ് ജോര്‍ജിനു നല്‍കുമെന്നാണ് സൂചന.
യു.ഡി.എഫ്. പ്രവേശനം കാത്തുനിന്ന പി.സി. ജോര്‍ജിന് വേണ്ടത്ര പ്രാധാന്യം മുന്നണി നല്‍കാത്തതിനെത്തുടര്‍ന്നാണ് യു.ഡി.എഫില്‍ ചേരാനുള്ള തീരുമാനം പിന്‍വലിക്കുന്നത്. ജനപക്ഷം ഇത്തവണയും ഒറ്റക്കുമത്സരിക്കുമെന്ന് വ്യക്തമാക്കിയ ജോര്‍ജ് ബി.ജെ.പി.യുമായി ചര്‍ച്ച നടത്തിയതോടെയാണ് എന്‍.ഡി.എ. സഖ്യവുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ചത്.
പി.സി. ജോര്‍ജ് പൂഞ്ഞാര്‍ സീറ്റിനു പുറമെ ഒരു സീറ്റുകൂടി ആവശ്യപ്പെട്ടതായാണ് വിവരം. ഇലക്ഷന് കമ്മീഷന് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കാനുള്ള തിരക്കിലാണ് ബി.ജെ.പി.യും. മാര്‍ച്ച് 10-ന് മുന്‍പായി സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്താനാകുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.






