
തിരുവനന്തപുരം: നിയമയമന്ത്രി എ.കെ. ബാലനുമായി പി.എസ്.സി. ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് സമരം അവസാനിപ്പിക്കാനൊരുങ്ങി പി.എസ്.സി. എല്‍.ജി.എസ് ഉദ്യോഗാര്‍ത്ഥികള്‍. ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടായതോടെയാണ് ചര്‍ച്ച അവസാനിപ്പിക്കുന്നതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. സമരം തുടങ്ങി 36 ദിവസം പിന്നിടുമ്പോള്‍ ഇതുവരെ പിന്തുണ നല്കിയ എല്ലാ സംഘടനകള്‍ക്കും നന്ദി അറിയിക്കുന്നതായും ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമാക്കി.
ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധായാണ് മന്ത്രി, അദ്ദേഹത്തിന്റെ വാക്കുകളില്‍ ഞങ്ങള്‍ വിശ്വാസം അര്‍പ്പിക്കുകയാണ്. തിരഞ്ഞെടുപ്പു ചട്ടം നിലനില്‍ക്കുന്നതിനാല്‍ ചില പ്രായോഗിക തടസ്സങ്ങളുണ്ട്. അതിനാല്‍ രേഖാമൂലമുള്ള ഉറപ്പു നല്കാന് സാധിച്ചിട്ടില്ല. എത്രയും േെവഗം അനുകൂല നടപടി സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ് ഞങ്ങളെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. ലാസ്റ്റ് ഗ്രേഡ് ലിസ്റ്റ് പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുമെന്നും നിയമ നടപടി കൊണ്ടുവരുമെന്നുമാണ് മന്ത്രി ഉറപ്പു നല്‍കിയിരിക്കുന്നത്.
ഉദ്യോഗാര്‍ത്ഥികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളോട് അനുകൂല നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. വാച്ച്മാന്മാരുടെ ജോലി സമയം എട്ട് മണിക്കൂറായി കുറക്കുമെന്നും ഈ ലിസ്റ്റില്‍ നിന്നും നിയമനം നടത്തുന്നതിനുള്ള ശുപാര്‍ശ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പുലഭിച്ചു.
എന്നാല്‍ സി.പി.ഒ. ഉദ്യോഗാര്‍ത്ഥികള്‍ സമരം തുടരാന്‍ തന്നെയാണ് തീരുമാനം. സര്‍ക്കാരിന് തങ്ങളുടെ ആവശ്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നും രേഖാമൂലം ഉറപ്പു നല്കിയാല് സമരം പിന്‍വലിക്കാന്‍ തയ്യാറാണെന്നുംമാണ് സി.പി.ഒ. റാങ്ക് ലിസ്റ്റ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്.






