
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ ആഴക്കടല്‍ മത്സ്യബന്ധന പദ്ധതി ഉദ്യോഗസ്ഥ സൃഷ്ടിയാണെന്ന വാദം തെറ്റെന്നു രേഖകള്‍. പദ്ധതി രാഷ്ട്രീയ തീരുമാനമായിരുന്നെന്നാണ് ഇതു സംബന്ധിച്ച ഫയലുകളും ഉദ്യോഗസ്ഥരുടെ കുറിപ്പുകളും ചൂണ്ടിക്കാട്ടുന്നത്. വ്യവസായ വകുപ്പില്‍ ജന്മംകൊണ്ട പദ്ധതി സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനില്‍നിന്നാണ് ധാരണാപത്രം ഒപ്പുവയ്ക്കുന്നതിനു കെ.എസ്.ഐ.എന്‍.സിയിലെത്തിയതെന്നു ഫയല്‍ നീക്കം സൂചിപ്പിക്കുന്നു.
കെ.എസ്.ഐ.എന്‍.സി. ധാരണാപത്രം ഒപ്പിടുന്നതു കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 20നാണ്. പദ്ധതിയുമായി മുന്നോട്ടുപോകണമെന്നു നിര്‍ദ്ദേശം ലഭിച്ച് ഒരു വര്‍ഷം കഴിഞ്ഞാണ് കെ.എസ്.ഐ.എന്‍.സി. ധാരണാപത്രം ഒപ്പുവച്ചത്. അതിനുമുമ്പുതന്നെ പദ്ധതി നടപ്പാക്കാന്‍ ഉന്നതങ്ങളില്‍ ധാരണയായിരുന്നെന്നും കെ.എസ്.ഐ.എന്‍.സിയുടെ ധാരണാപത്രം ഔപചാരിക നടപടിമാത്രമായിരുന്നെന്നുമാണ് സൂചന.
ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സി. നല്കിയ അപേക്ഷ രണ്ടു തവണ കണ്ടിരുന്നു. പക്ഷേ, രണ്ടു തവണയും മന്ത്രി എന്താണ് ഫയലില്‍ കുറിച്ചതെന്നു വ്യക്തമല്ല. എന്നാല്‍, നിക്ഷേപകസംഗമമായ ''അസെന്ഡി''ല്‍ പദ്ധതി അവതരിപ്പിക്കപ്പെട്ടതു വ്യക്തമാകുന്നതു വകുപ്പില്‍നിന്നു പച്ചക്കൊടി ലഭിച്ചുവെന്നാണ്.
ഫിഷറീസ് സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍ 2019 ഒക്ടോബര്‍ 19നു മന്ത്രിക്കു ഫയല്‍ നല്‍കിയിരുന്നു. ഇതിനു മുമ്പു ന്യൂയോര്‍ക്കില്‍വച്ചു തങ്ങളുമായി മന്ത്രി ചര്‍ച്ച നടത്തിയിരുന്നുവെന്ന് ഇ.എം.സി.സി. അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സെക്രട്ടറിയുടെ ഫയല്‍ ലഭിച്ചു രണ്ടു ദിവസത്തിനുള്ളില്‍ മന്ത്രി തിരിച്ചുനല്‍കി. കമ്പനിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാന്‍ സെക്രട്ടറി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചതു മന്ത്രിക്കു ഫയല്‍ നല്കുന്നതിനു മുമ്പായിരുന്നുവെന്നും രേഖകള്‍ പറയുന്നു.
മന്ത്രിയില്‍നിന്ന് ഒക്ടോബര്‍ 21നു ലഭിച്ച ഫയല്‍ സെക്രട്ടറി നവംബര്‍ ഒന്നിനു വീണ്ടും മന്ത്രിക്കു സമര്‍പ്പിക്കുന്നുണ്ട്. അഭിപ്രായം രേഖപ്പെടുത്തി മന്ത്രി ഫയല്‍ തിരിച്ചുനല്‍കി. ഇ.എം.സി.സി. തട്ടിപ്പുകമ്പനിയാണെന്ന് ഇപ്പോള്‍ പറയുന്ന മന്ത്രി അന്നും അതുതന്നെയാണോ ഫയലില്‍ കുറിച്ചത് എന്നു വ്യക്തമല്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ വ്യവസായ വകുപ്പ് സംഘടിപ്പിച്ച നിക്ഷേപക ഉച്ചകോടിയായ ''അസെന്ഡി''ല്‍ പദ്ധതി അവതരിപ്പിക്കപ്പെട്ടത് എങ്ങനെയെന്നാണ് ഉയരുന്ന ചോദ്യം.
ഇ.എം.സി.സിയുടെ വിശ്വാസ്യത ചോദ്യംചെയ്തു കേന്ദ്രസര്‍ക്കാര്‍ നല്കിയ മറുപടി ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രി ഫയല്‍ തിരിച്ചുനല്കിയതെങ്കില് പ്രതിയാകുന്നതു വ്യവസായ വകുപ്പാണ്. വകുപ്പുമന്ത്രിയുടെ എതിര്‍പ്പ് വകവയ്ക്കാതെ വ്യവസായ വകുപ്പ് മുന്നോട്ടുപോയെങ്കില് സ്വാഭാവികമായും സംശയങ്ങളുയരും. കെ.എസ്.ഐ.ഡി.സി. മുന്നോട്ടുവച്ച പദ്ധതി ഏറ്റെടുക്കുകയായിരുന്നുവെന്ന കെ.എസ്.ഐ.എന്‍.സി. വാദം കൂടുതല്‍ ബലപ്പെടുകയും ചെയ്യും.
ആഴക്കടല്‍ മത്സ്യബന്ധന പദ്ധതി രാഷ്ട്രീയ വിവാദമായതിനെത്തുടര്‍ന്ന് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് തേടിയ വിശദീകരണത്തിനു കെ.എസ്.ഐ.എന്‍.സി. മാനേജിങ് ഡയറക്ടര്‍ എന്‍. പ്രശാന്ത് മറുപടി നല്കി. എം.ഡിയെന്ന നിലയില്‍ കര്‍ത്തവ്യം നിര്‍വഹിക്കുകമാത്രമാണ് ചെയ്തതെന്നും കമ്പനിക്കു ലാഭമുണ്ടാകുന്ന ഇടപാടില്‍ നിയമപ്രകാരം ഇടപെടുകയുമായിരുന്നുവെന്നുമാണ് മറുപടി.
‘‘കെ.എസ്.ഐ.ഡി.സി. ഒപ്പുവച്ച കരാര്‍ നടപ്പാക്കുകമാത്രമാണ് കമ്പനി ചെയ്തത്. കരാര്‍ ഒപ്പിട്ട് ഒരു വര്‍ഷം കഴിഞ്ഞശേഷമാണ് കെ.എസ്.ഐ.എന്‍.സി. ഇക്കാര്യത്തില്‍ ശ്രദ്ധപതിപ്പിച്ചത്. ടേണോവര്‍ വര്‍ധിപ്പിക്കാന്‍ പോന്ന പദ്ധതി കെ.എസ്.ഐ.എന്‍.സി. നല്‍കിയതിനെത്തുടര്‍ന്നു ധാരണാപത്രം ഒപ്പുവയ്ക്കുകയായിരുന്നു. ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഇതിനു പിന്നീട് അംഗീകാരം നല്കി’’-മറുപടിയില്‍ വ്യക്തമാക്കുന്നു.
ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വകുപ്പ് സെക്രട്ടറി പോലുമറിയാതെയാണ് ഉള്‍നാടന്‍ ജലഗതാഗത കോര്പ്പറേഷന് മാനേജിങ് ഡയറക്ടര്‍ എന്‍. പ്രശാന്ത് ഒപ്പിട്ടതെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്. തന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയായ എന്‍. പ്രശാന്തിനെക്കൊണ്ട് രമേശ് ചെന്നിത്തല ധാരണാപത്രത്തില്‍ ഒപ്പുവയ്പ്പിച്ചുവെന്നും ഒപ്പുവച്ച ധാരണാപത്രം അന്നുതന്നെ രമേശിനു പ്രശാന്ത് നല്‍കിയെന്നും കടകംപള്ളി ആരോപിച്ചു.






