
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് തൊട്ടടുത്തിരിക്കെ വോട്ട് ലക്ഷ്യമിട്ട് തമിഴ്നാട് സര്‍ക്കാര്‍ ജയലളിതയുടേയും മുഖ്യമന്ത്രി പളനിസ്വാമിയുടെയും ചിത്രങ്ങള്‍ പതിച്ച സ്കൂള്‍ ബാഗുകള്‍ വിതരണം ചെയ്യുന്നതായി ഡിഎംകെ ആക്ഷേപം. സൗജന്യമായി വിതരണം നല്കാന് വെച്ചിരുന്നതെന്ന് കരുതുന്ന ബാഗുകള്‍ ഒരു സ്കൂളില്‍ നിന്നും കണ്ടെത്തിയതിന് പിന്നാലെ 50,000 ല്‍ പരം സ്കൂള്‍ബാഗുകള്‍ തമിഴനാട് ചെക്ക്പോസ്റ്റിലും പിടിയില്‍.
ബാഗുകള്‍ കയറ്റി വന്ന രണ്ടുലോറികള്‍ ഫ്ളൈയിംഗ് സ്ക്വാഡ് ബുധനാഴ്ച രാമേശ്വരം ഹൈവേയിലെ അച്യുതന് വയല്‍ ചെക്ക്പോസ്റ്റില്‍ നിന്നുമാണ് പിടിച്ചത്. എഐഎഡിഎംകെ തലൈവി ജയലളിതയുടേയും മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെയും പേരുകളും ചിത്രങ്ങളും പതിച്ച ബാഗുകള്‍ അടങ്ങിയ വെളുത്ത ചാക്കുകെട്ടുകള്‍ ലോറിയില്‍ നിന്നും കണ്ടെത്തിയതായിട്ടാണ് വിവരം. ഇതില്‍ 'വിദ്യാഭ്യാസ വകുപ്പ്' എന്ന് തമിഴില്‍ എഴുതി വെച്ചിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ചരക്കുകള്‍ ഉത്തര്‍പ്രദേശില്‍ നിന്നും നാഗാലാന്റില്‍ നിന്നുമാണ് വന്നതെന്നാണ് പ്രാഥമികാന്വേഷണത്തിലെ വിവരം. ലോറികള്‍ ഏത് സംസ്ഥാനത്ില് നിന്നുള്ളതാണെന്നും ആരാണ് ബാഗിന് ഓര്‍ഡര്‍ ചെയ്തതെന്നും പോലീസ് അന്വേഷിക്കുകയാണ്. ചൊവ്വാഴ്ച ട്രിച്ചിയിലെ വൊരയൂരിലെ ഒരു സ്വകാര്യസ്കൂളില്‍ നിന്നും ഡിഎംകെ പ്രവര്‍ത്തകര്‍ ബാഗുകളും ജോമട്രിബോക്സുകളും അടങ്ങിയ ചാക്കു കെട്ടുകള്‍ കണ്ടെത്തിയിരുന്നു. സ്കൂളില്‍ നിന്നും ഇത് ആള്‍ക്കാര്‍ക്ക് കൊടുക്കാന്‍ മാറ്റുന്നതിനിടയിലാണ് തങ്ങള്‍ ഇത് കണ്ടെത്തിയതെന്നാണ് ഡിഎംകെ യുടെ ആരോപണം.
സംസ്ഥാന സര്‍ക്കാര്‍ പഠനോപകരണങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്നതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തങ്ങള്‍ സ്കൂളില്‍ പരിശോധന നടത്തിയതെന്നും ചാക്കുകണക്കിന് സ്കൂള്‍ ബാഗുകളും ക്രയോണുകളും ജോമട്രി ബോക്സുകളും കണ്ടെത്തിയെന്നും പറഞ്ഞു. അതേസമയം പോളിംഗ് ബൂത്താക്കി മാറ്റുന്നതിന്റെ ഭാഗമായിട്ട് സാധനങ്ങള്‍ മാറ്റുകയായിരുന്നു എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍.






