
ചാവക്കാട്: സംസ്ഥാനത്തിന്റെ ഔദ്യോഗിക മീനായ കരിമീനിനെ പിടിക്കുന്നത് സംബന്ധിച്ച് സർക്കാർ വിജ്ഞാപനമിറക്കി. പൊതുജലാശയങ്ങളിൽ നിന്ന് പിടിക്കാവുന്ന കരിമീന്‍ കുറഞ്ഞത് 10 സെന്റിമീറ്റർ നീളമാണ് നിശ്ചയിച്ചിരിക്കുന്നത്. ചെറിയ മീനുകളെ പിടിക്കുന്നവർക്ക് പിഴശിക്ഷ, ലൈസൻസ് റദ്ദാക്കൽ, ക്ഷേമനിധി തുടങ്ങിയ സർക്കാർ ആനൂകൂല്യങ്ങൾ റദ്ദാക്കൽ തുടങ്ങിയ നടപടികൾ നേരിടേണ്ടിവരും.
മീനിന്റെ വായ് മുതൽ വാൽ വരെയുള്ള നീളമാണ് ഇതിന് മാനദണ്ഡം.
കരിമീനിന്റെ കാര്യത്തിലാണ് ഇപ്പോൾ വിജ്ഞാപനം ഇറക്കിയിരിക്കുന്നതെങ്കിലും വരാൽ, കാരി, മഞ്ഞക്കൂരി തുടങ്ങിയ ഉൾനാടൻ മീനുകളുടെയും പിടിക്കാവുന്ന ചുരുങ്ങിയ നീളം നിശ്ചയിച്ച് ഉടനെ വിജ്ഞാപനം പുറത്തിറങ്ങുമെന്ന് കൊല്ലത്തെ സംസ്ഥാന മത്സ്യവിത്ത് കേന്ദ്രം അധികൃതർ അറിയിച്ചു.
മത്സ്യവിത്ത് ഉത്പാദനത്തിന്റെ ഗുണമേന്മ ഉറപ്പാക്കുകയും വിപണനവും സംഭരണവും നിയന്ത്രിക്കുകയുമാണ് വിജ്ഞാപനത്തിന്റെ ലക്ഷ്യം.
പൊതുജലാശയങ്ങളിൽനിന്ന് വ്യാപകമായി കരിമീൻവിത്ത് ശേഖരിച്ച് വ്യാവസായികാടിസ്ഥാനത്തിൽ വിൽക്കുന്നുവെന്ന പരാതികൾ നിലവിലുണ്ട്.






