ന്യൂഡല്‍ഹി: ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം നിയന്ത്രിക്കാനായി കേന്ദ്ര സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന ചട്ടങ്ങള്‍ക്ക് മൂര്‍ച്ഛ പോരെന്ന് സുപ്രീംകോടതി. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവരെ പ്രോസിക്യൂട്ട് ചെയ്യാനോ പിഴ ചുമത്താനോ വകുപ്പുകളില്ലെന്ന് രണ്ടംഗ ബെഞ്ച് അറിയിച്ചു. വ്യക്തമായ നിമനിര്മാണമില്ലാതെ ഫലപ്രദമായ നിയന്ത്രണം സാധ്യമല്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷണ് വ്യക്തമാക്കി.
മാര്‍ഗനിര്‍ദേശങ്ങള്‍ക്കു പകരം നിയമം നിര്‍മ്മിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ കരടി നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിക്കുമെന്ന് സോളിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. താണ്ഡവ് വെബ് സീരീസുമായി ബന്ധപ്പെട്ട് കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. ഒടിടി നിയന്ത്രണം ഈ കേസിന്റെ ഭാഗമാക്കാനും കേന്ദ്ര സര്‍ക്കാരിനെ കക്ഷി ചേര്‍ക്കാനും കോടതി തീരുമാനിച്ചു.
ഒടിടി പ്ലാറ്റ്ഫോമുകളിലെ വിഡിയോ ഉള്ളടക്കങ്ങളില്‍ പരിശോധന വേണമെന്നും ചിലതില്‍ അശ്ലീല ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ടെന്നും സുപ്രീംകോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചില ഒടിടി പ്ലാറ്റ്ഫോമുകള് പോര്‍ണോഗ്രഫിയും പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും ഇക്കാര്യങ്ങള്‍ പരിശോധിക്കണമെന്നും ജസ്റ്റിസ് ആര്‍എസ് റെഡ്ഡി പറഞ്ഞു. ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് ത്രിതല നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിര്‍ദേശങ്ങളായിരുന്നു കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വച്ചിരിക്കുന്നത്.






