
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിനു പ്രതീക്ഷ പകര്‍ന്ന് ഡോളര്‍ കടത്ത് കേസിലെ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി. ഇതുവരെ മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു സംശയനിഴലിലെങ്കില് ഇപ്പോള്‍ സാക്ഷാല്‍ മുഖ്യമന്ത്രിക്കെതിരേയാണു കേന്ദ്ര ഏജന്‍സികളുടെ നീക്കം. തുടര്‍ഭരണം ലക്ഷ്യമിട്ടു നീങ്ങുന്ന ഇടതുമുന്നണിക്ക് പ്രഹരമേല്‍പ്പിക്കുന്ന നീക്കമാണു കസ്റ്റംസിന്റെ ഭാഗത്തുനിന്നുണ്ടായത്.
സ്വപ്നയുടെ മൊഴിയില്‍ പ്രതിരോധത്തിലാകുന്നതോടെ, വികസനത്തില്‍ ഊന്നിയുള്ള ഇടതുമുന്നണി പ്രചാരണത്തിനു മങ്ങലേല്‍ക്കുമെന്നു യു.ഡി.എഫ്. കരുതുന്നു. കിഫ്ബിക്കെതിരേ ഇ.ഡി. കേസുമായി രംഗത്തുവന്നപ്പോള്‍ ആ വിഷയം ഏറ്റെടുക്കാന്‍ യു.ഡി.എഫ്. മടിച്ചിരുന്നു. എന്നാല്‍, ഡോളര്‍ കടത്ത് കേസ് പ്രതിപക്ഷം മുഖ്യപ്രചാരണവിഷയമാക്കുമെന്നാണു സൂചന. തുടര്‍ഭരണം ലക്ഷ്യമിടുന്ന ഇടതുമുന്നണിക്കാകട്ടെ മുഖ്യമന്ത്രിയെത്തന്നെ കേന്ദ്ര ഏജന്‍സികള്‍ പ്രതിക്കൂട്ടിലാക്കുന്നതു വെല്ലുവിളിയാകും. അതുകൊണ്ടുതന്നെ പ്രതിരോധത്തിനു പകരം പ്രത്യാക്രമണത്തിനാണു സി.പി.എം. തയാറെടുക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം തെരഞ്ഞെടുപ്പിനായി തയാറാക്കിയ തിരക്കഥയാണിതെന്നു സി.പി.എം. ആരോപിക്കുന്നു. പ്രതിപക്ഷം ഡോളര്‍ കടത്ത് കേസ് പ്രചാരണായുധമാക്കിയാലും വികസനത്തില്‍ ഊന്നിയുള്ള പ്രചാരണവുമായി മുന്നോട്ടുപോയാല്‍ മതിയെന്നാണ് ഇടതുമുന്നണിയിലെ ധാരണ.






