
കൊച്ചി: പാലാരിവട്ടം പാലം തുറന്നു കൊടുത്തതോടെ മുന്നണികള്‍ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഭരണനേട്ടമുയര്ത്തി ഇടതുമുന്നണിയും ഇ. ശ്രീധരനെ മുന്നില്‍ നിര്‍ത്തി ബി.ജെ.പി.യും രംഗത്തെത്തിയിരിക്കുകയാണ്. പാലംപണി വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ച തോഴിലാളികളെ പ്രശംസിച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ മെട്രോമാന് ഇ. ശ്രീധരന്റെ പേര് പരാമര്‍ശിക്കാതെപോയത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.
വിപ്ലവ കവിയായ ബര്‍തോള്‍ഡ് ബ്രെഹ്തിന്റെ വരികള്‍ പരാമര്‍ശിച്ചാണ് മുഖ്യമന്ത്രി തൊഴിലാളികള്‍ക്കു നന്ദി അറിയിച്ചത്. ഇതോടൊപ്പം പാലാരിവട്ടം പാലം പണിയില്‍ സഹകരിച്ച് തൊഴഇലാളികളുടെ ചിത്രവംു അദ്ദേഹം ഇതോടൊപ്പം പങ്കുവെച്ചിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:-
'തീബ്സിലെ ഏഴു കവാടങ്ങള്‍ നിര്‍മ്മിച്ചതാരാണ്? പുസ്തകങ്ങള്‍ നിറയെ രാജാക്കന്മാരുടെ പേരുകളാണ്. പരുക്കന്‍ പാറകളുയര്‍ത്തി അവ പടുത്തത് രാജാക്കന്മാരാണോ?'
വിപ്ലവ കവിയായ ബര്‍തോള്‍ഡ് ബ്രെഹ്ത് തന്റെ സുപ്രസിദ്ധമായ ഒരു കവിത ആരംഭിക്കുന്നത് ഇങ്ങനെയാണ്. മനുഷ്യരാശിയുടെ നേട്ടങ്ങളുടെ അവകാശികള്‍ രാജാക്കന്മാരോ ഭരണാധികാരികളോ അല്ല, മറിച്ച് തന്റെ വിയര്‍പ്പും രക്തവും ചിന്തി അദ്ധ്വാനിക്കുന്ന തൊഴിലാളികളാണ്. ആ സത്യം ചരിത്രം പലപ്പോളും വിസ്മരിക്കുകയാണ് ചെയ്തിട്ടുള്ളത്.
ഈ സര്‍ക്കാരിന്റെ കാലത്ത് നിരവധി നേട്ടങ്ങള്‍ നമ്മള് സ്വന്തമാക്കിയിട്ടുണ്ട്. അസാധ്യമെന്നു കരുതിയിരുന്ന വന്‍കിട പദ്ധതികള്‍ യാഥാര്‍ഥ്യമാക്കിയിട്ടുണ്ട്. എന്നാല്‍ അവയെല്ലാം സാധ്യമായത് സര്‍ക്കാരിന്റെ ഇച്ഛാശക്തി കൊണ്ടു മാത്രമല്ല, ആ സ്വപ്നം തങ്ങളുടേതു കൂടിയാണെന്ന അര്‍പ്പണബോധത്തോടെ അദ്ധ്വാനിച്ച അസംഖ്യം തൊഴിലാളികളുടേതു കൂടിയാണ്.
പൂര്‍ത്തീകരിക്കാന്‍ 18 മാസമെടുക്കുമെന്ന് തുടക്കത്തില്‍ കരുതിയ പാലാരിവട്ടം പാലം 6 മാസമാകുന്നതിനു മുന്‍പ് നമുക്ക് പണി തീര്‍ക്കാന്‍ സാധിച്ചെങ്കില്‍, അതിന്റെ കാരണം, ആ ലക്ഷ്യത്തിനായി സ്വയമര്‍പ്പിച്ച് അദ്ധ്വാനിച്ച നൂറു കണക്കിനു തൊഴിലാളികളാണ്. അവരോടാണ് ഈ നാടു കടപ്പെട്ടിരിക്കുന്നത്.
ഈ നാടിന്റെ വികസനത്തിനായി, ഈ സര്‍ക്കാര്‍ സ്വപ്നം കണ്ട പദ്ധതികള്‍ സാക്ഷാല്ക്കരിക്കുന്നതിനായി തന്റെ അദ്ധ്വാനം നീക്കി വച്ച ഓരോ തൊഴിലാളിയോടും ഹൃദയപൂര്‍വം നന്ദി പറയുന്നു. നിങ്ങളുടെ കരുത്താണ്, നിങ്ങളുടെ ത്യാഗമാണ് കേരളത്തിന്റെ ഉറപ്പ്. ഇനിയും ഒരുപാട് നേടാനുണ്ട്, അതിനായി ഒത്തൊരുമിച്ച് മുന്നോട്ടു പോകാം.
'തീബ്സിലെ ഏഴു കവാടങ്ങൾ നിർമ്മിച്ചതാരാണ്? പുസ്തകങ്ങൾ നിറയെ രാജാക്കന്മാരുടെ പേരുകളാണ്. പരുക്കൻ പാറകളുയർത്തി അവ പടുത്തത്...
Posted by Pinarayi Vijayan on Sunday, 7 March 2021






