
ന്യൂയോര്‍ക്ക്: ഡയാനാ രാജകുമാരിയുടെ നിറംപിടുപ്പിച്ച കഥകള്‍ക്ക് ശേഷം ബ്രിട്ടീഷ് രാജകുടുംബത്തിലെ അണിയറ രഹസ്യങ്ങള്‍ വീണ്ടും അന്താരാഷ്ട്ര മാധ്യമങ്ങള്‍ അങ്ങാടിപ്പാട്ടാക്കി മാറുന്നു. അന്തപ്പുരത്തിലെ കുടുംബവഴക്കുമായി ബന്ധപ്പെട്ട അറിയാക്കാര്യങ്ങളാണ് ഇത്തവണ വിഷയമാകുന്നത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഭാഗമായുള്ള കൊട്ടാര ജീവിതം പീഡനമായിരുന്നെന്നും ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചെന്നും ഹാരി രാജകുമാരന്റെ പത്നി മേഗന് മെര്‍ക്കല്‍ അമേരിക്കന്‍ മാധ്യമത്തിലെ അഭിമുഖത്തില്‍ തുറന്നടിച്ചിരിക്കുകയാണ്.
പ്രമുഖ അമേരിക്കന്‍ ചാറ്റ് ഷോയയായ ഓപ്പറാ വിന്‍ഫ്രിയുമായുളള രണ്ടര മണിക്കൂര്‍ നീണ്ട അഭിമുഖത്തില്‍ രാജകുടുംബത്തില്‍ നേരിട്ട ദുരിതങ്ങള്‍ മേഗന് വെളിപ്പെടുത്തി. പാതി ആഫ്രിക്കനായ തന്നെ ലക്ഷ്യമിട്ട് നുണക്കഥകള്‍ പ്രചരിപ്പിക്കപ്പെട്ടെന്നും മാനസീക പിരിമുറുക്കം നേരിട്ട കാലത്ത് സഹായം നിഷേധിക്കപ്പെട്ടെന്നും ജനിക്കാനിരിക്കേ മകന്റെ നിറത്തെക്കുറിച്ച് വരെ രാജകുടുംബം ആശങ്കപ്പെട്ടെന്നും കുറ്റപ്പെടുത്തി.
അഭിമുഖം ബ്രിട്ടനിലും പുറത്തും വലിയ വിവാദം സൃഷ്ടിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലും വന്‍ പ്രതികരണമാണ്. ആഫ്രിക്കക്കാരിയായ മാതാവിനും വെള്ളക്കാരനായ പിതാവിനും ഉണ്ടായ മകളാണ് മേഗന്. തനി വെള്ളക്കാരിയല്ലാത്ത മേഗന് പിറന്ന മൂത്തമകന് ആര്‍ച്ചിയെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ നിറത്തെക്കുറിച്ച് ഓര്‍ത്ത് രാജകുടുംബം ആശങ്കപ്പെട്ടിരുന്നതായി ഹാരി പറഞ്ഞിരുന്ന കാര്യം മേഗന് അഭിമുഖത്തില്‍ പറഞ്ഞു. കുട്ടി ജനിക്കുമ്പോള്‍ നിറം എത്ര ഇരുണ്ടതായിരിക്കും എന്നും അവന് രാജകീയ പദവികളും സുരക്ഷയും കിട്ടുമോ എന്നു വരെ ഗര്‍ഭകാലത്ത് തങ്ങളും ചര്‍ച്ച ചെയ്തെന്നും മേഗന് പറഞ്ഞു.
മകന്റെ നിറം കൂടുതല്‍ ഇരുണ്ടതായിരുന്നെങ്കിലോ എന്ന ചോദ്യത്തിന് മറ്റുള്ളവര്‍ എന്തെങ്കിലും വിചാരിച്ചാലും ഒരു പക്ഷേ അതായിരുന്നേനെ സുരക്ഷിതമെന്നായിരുന്നു മേഗന്റെ മറുപടി. കഴിഞ്ഞ വര്‍ഷമാണ് രാജകുടുംബവുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് ഇരുവരും കാലിഫോര്‍ണിയയിലേക്ക് ചേക്കേറിയത്.
''ഇനി ജീവിക്കേണ്ട എന്ന് ചിന്തിച്ച നിമിഷങ്ങള്‍ കൊട്ടാരജീവിതത്തില്‍ ഉണ്ടായി. ആത്മഹത്യ ചെയ്യുന്നതാണ് എല്ലാവര്ക്കും എല്ലാറ്റിനും നല്ലതെന്ന് എന്നു പോലും തോന്നി.'' കൊട്ടാരത്തില്‍ ഒറ്റപ്പെടലും തഴയലും അനുഭവിച്ചെന്നും ആരില്‍ നിന്നും ഒരു സഹായവും കിട്ടിയില്ല. ആദ്യകുട്ടി ആര്‍ച്ചിയെ ഗര്‍ഭം ധരിച്ചിരുന്ന കാലത്ത് കടുത്ത മാനസീക പ്രതിസന്ധി നേരിട്ടു. മനോരോഗ വിദഗ്ദ്ധരുടെ സഹായം ആവശ്യപ്പെട്ടെങ്കിലും കൊട്ടാരം അത് നിഷേധിച്ചു. അങ്ങിനെ ചെയ്യുന്നത് രാജകുടുംബത്തിന്റെ അന്തസ്സിന് നല്ലതല്ല എന്നായിരുന്നു കിട്ടിയ മറുപടി. പിന്നീട് ഡയാനാ രാജകുമാരിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളെ സമീപിക്കുകയായിരുന്നു എന്നും പറഞ്ഞു.
രാജകുടുംബത്തിലെ ജീവിതം എന്നാല്‍ ഒറ്റപ്പെടലാണെന്നു അത്തരം ജീവിതം ഇനിയൊരിക്കലും വേണ്ടെന്നും പറഞ്ഞു. ജീവിക്കേണ്ട എന്നു പോലും തോന്നിയ കാലത്താണ് കൊട്ടാരവും രാജകീയ ജീവിതവും വേണ്ടെന്ന് വെച്ചതെന്നും മേഗന് പറഞ്ഞു. മേഗനെ വിവാഹം കഴിച്ചതിന്റെ പേരില്‍ തനിക്ക് നേരിടേണ്ടി വന്ന കാര്യം ഹാരിയും പറഞ്ഞു. 2020 ന്റെ ആദ്യപകുതിയോടെ തനിക്കുള്ള സാമ്പത്തീക സഹായം രാജകുടുംബം നിര്‍ത്തിയെന്ന് ഹാരി പ്രതികരിച്ചു. പിതാവ് ചാള്‍സ് രാജകുമാരന് തന്നോട് സംസാരിക്കാതെയുമായെന്നും പറഞ്ഞു.
2018 മെയ് 19 ന് ബ്രിട്ടനിലെ വിന്‍സര്‍ കാസിലില്‍ കാന്റര്‍ബറി ആര്‍ച്ച ബിഷപ്പ് ജസ്റ്റിന് വെല്സ്ബിയ്ക്ക് മുന്നിലായിരുന്നു ഇരുവരും വിവാഹിതരായത്. കൊട്ടാരത്തില്‍ വെച്ച് വിവാഹം ഔദ്യോഗിക ചടങ്ങുകളോടെ നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് തന്നെ തങ്ങള്‍ രഹസ്യ വിവാഹം കഴിച്ചിരുന്നതായും മേഗന് പറഞ്ഞു. ആരുമറിയാതെയായിരുന്നു ഇത്. എന്നാല്‍ ഇക്കാരാ്യം ആര്‍ച്ച് ബിഷപ്പിനോട് പറഞ്ഞു. ഈ കാട്ടിക്കൂട്ടുന്നതെല്ലാം ലോകത്തിന് മുന്നിലുള്ള പ്രദശനം മാത്രമാണെന്നും എന്നാല്‍ തങ്ങള്‍ തങ്ങളുടേതായ രീതിയില്‍ ഒന്നായെന്നും പറഞ്ഞു.
രാജകുടുംബത്തിന്റെ ഭാഗമാകാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ കള്ളക്കഥകളും നെഗറ്റീവായ മാധ്യമ കവറേജുകളാണ് തന്നെ വരവേറ്റതെന്ന് 39 കാരി പറയുന്നു. താനും കേറ്റ് മിഡില്‍ടണുമായുള്ള പ്രശ്നങ്ങളെക്കുറിച്ചു വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെട്ടവയാണെന്നും പറഞ്ഞു. തന്നെ മാധ്യമങ്ങള്‍ സ്വഭാവഹത്യ ചെയ്യാന്‍ തുടങ്ങിയത് കേറ്റ് മിഡില്ടണ് കരഞ്ഞെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മുതലാണെന്നും പറഞ്ഞു.
വിന്‍ഫ്രിയുമായുള്ള ഇരുവരുടേയും അഭിമുഖത്തിലെ വെളിപ്പെടുത്തലുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ശ്രദ്ധയാണ് കിട്ടിയിരിക്കുന്നത്. ട്വിറ്ററില്‍ ഓപ്രമേഗന്ഹാരി എന്ന ഹാഷ്ടാഗ് ഇപ്പോള്‍ ട്രെന്റിംഗില്‍ ടോപ്പിലാണ്. അനേകരാണ് മേഗന് പിന്തുണയുമായി എത്തിയിരിക്കുന്നത്. '' രാജകുമാരനെ പ്രണയിച്ചതോടെ മേഗന് ശബ്ദം നഷ്ടമായി. എന്നാല്‍ ഒടുവില്‍ ഇപ്പോള്‍ അത് തിരിച്ചുകിട്ടിയിരിക്കുന്നു.'' ഒരാളുടെ പ്രതികരണം ഇങ്ങിനെയായിരുന്നു. തങ്ങളുടെ അടുത്ത വരാനിരിക്കുന്ന കുട്ടി പെണ്‍കുഞ്ഞാണെന്നും ദമ്പതികള്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.






