ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജിവെച്ചു. സംസ്ഥാന ബിജെപിയില്‍ തര്‍ക്കങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് രാജി. രാജ്ഭവനിലെത്തി റാവത്ത് ഗവര്‍ണര്‍ ബേബി റാണി മൗര്യക്ക് രാജിക്കത്ത് കൈമാറി. നാല് വര്‍ഷം മുഖ്യമന്ത്രിയെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം തന്നതില്‍ ബിജെപി നേതൃത്വത്തിന് നന്ദി അറിയിക്കുന്നതായി വാര്‍ത്ത സമ്മേളനത്തില്‍ റാവത്ത് പറഞ്ഞു.
'താനൊരു ചെറുഗ്രാമത്തിലാണ് ജനിച്ചത്. ഇത്രയധികം ബഹുമാനവും അവസരങ്ങളും ഒരു ചെറുഗ്രാമത്തിലെ സാധാരണ കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ക്ക് നല്കാന് ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളു' അദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ബിജെപിക്കുള്ളില്‍ നേതൃമാറ്റമാവശ്യപ്പെട്ട് ഒരു വിഭാഗം എംഎല്‍എമാര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ത്രിവേന്ദ്ര സിങ് റാവത്ത് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയെ കണ്ടിരുന്നു. മുഖ്യമന്ത്രി റാവത്തിന്റെ ജനപിന്തുണ നഷ്ടമായെന്ന് മന്ത്രിമാരുടെയും എംഎല്‍എമാരും പരാതിപ്പെട്ടിരുന്നു.
എംഎല്‍എമാരുടെയും മന്ത്രിമാരുടെയും പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ദേശീയ നേതൃത്വം റാവത്തിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. അതേസമയം അടുത്ത വര്‍ഷം സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ റാവത്തിന്റെ രാജി ബിജെപി തലവേദനായകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.






