
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലെ സി.പി.എം. സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് തിടുക്കംകൂട്ടുകയാണ് എതിര് മുന്നണികള്‍. 85 സീറ്റുകളില്‍ ആണ് സി.പി.എം. ഇക്കുറി മത്സരിക്കുന്നത്. 85-ല്‍ 83 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 92 സീറ്റുകളില്‍ സി.പി.എം. സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നു. 12 വനിതകളാണ് ഇക്കുറിയും സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചു. വനിതകള്‍ക്കു സീറ്റു നല്കാന് മുന്നണികള്‍ മടിക്കുന്നിടത്താണ് പുതുമുഖങ്ങളടക്കമുള്ള വനിതകളെ സ്ഥാനാര്‍ത്ഥികളാക്കി സി.പി.എം. രംഗത്തെത്തിക്കുന്നത്.
വേങ്ങരയില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ പി. ജിജിയെ തീരുമാനിച്ചതോടെയാണ് വനിതകളുടെ എണ്ണം ആദ്യഘട്ടചര്ച്ചകളിലെ 11-ല്‍ നിന്ന് 12 ആയി ഉയര്‍ന്നത്. ഇതില്‍ എട്ട് പേരും പുതുമുഖങ്ങളാണ്. മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിയമ്മ, കെ കെ ശൈലജ, എം.എല്‍.എമാരായ വീണാ ജോര്‍ജ്, യു പ്രതിഭ എന്നിവര്‍ വീണ്ടും ജനവിധി തേടുന്നു.
ആരോഗ്യമന്ത്രി കെ.കെ. ശൈലജ മട്ടന്നൂരിലാണ് മത്സരിക്കുന്നത്. 2016-ല്‍ കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ നിന്നാണ് കെ.കെ. ശൈലജ നിയമസഭയിലേക്കെത്തിയത്. ഇക്കുറി കൂത്തുപറമ്പ് എല്‍.ജെ.ഡിക്ക് നല്‍കിയതോടെയാണ് ശൈലജ മട്ടന്നൂരിലേക്ക് മാറിയത്. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഇത്തവണയും കൊല്ലം ജില്ലയിലെ കുണ്ടറയില്‍ തന്നെ ജനവിധി തേടും.
കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീല സി.പി.എം. സ്ഥാനാര്‍ത്ഥിയാവും. മലപ്പുറം ജില്ലയില്‍ സിപിഎമ്മിന് രണ്ട് വനിതാ സ്ഥാനാര്‍ത്ഥികള്‍ ആണുളളത്. പികെ കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലമായ വേങ്ങരയില്‍ എസ്എഫ്ഐ നേതാവ് പി. ജിജി ആണ്. വണ്ടൂരില്‍ പി. മിഥുന സ്ഥാനാര്‍ത്ഥിയാവും.തിരുവനന്തപുരത്ത് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഒ.എസ്. അംബികയും പത്തനംതിട്ട ആറന്മുളയില് സിറ്റിംഗ് എംഎല്‍എ വീണ ജോര്‍ജും മത്സരിക്കും.
ആലപ്പുഴയിലും സിപിഎമ്മിന് രണ്ട് വനിതാ സ്ഥാനാര്‍ത്ഥികളുണ്ട്. കായംകുളത്ത് സിറ്റിംഗ് എം.എല്‍.എ. യു പ്രതിഭ തന്നെ ജനവിധി തേടും. ഇതിനെതിരെ പര്ാദേശിക ഘടകം രംദത്തെത്തിയിരുന്നു. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. ഷാനിമോള്‍ ഉസ്മാനിലൂടെ പിടിച്ചെടുത്ത അരൂര്‍ തിരിച്ച് പിടിക്കാന്‍ ഗായിക ദലീമ ജോജോയെ ആണ് സിപിഎം നിയോഗിച്ചിരിക്കുന്നത്.
എറണാകുളത്ത് ആലുവയില്‍ ഷെല്‍ന നിഷാദ് അലിയാണ് സിപിഎം സ്ഥാനാര്‍ത്ഥി. മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ മുഹമ്മദലിയുടെ മകളാണ് ഷെല്‍ന നിഷാദ് അലി. തൃശൂരില്‍ ഇരിങ്ങാലക്കുടയില്‍ പ്രൊഫ. ആര് ബിന്ദുവാണ് സ്ഥാനാര്‍ത്ഥി. സി.പി.എം. സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ കൂടിയാണ് ആര് ബിന്ദു. മുന്‍ തൃശൂര്‍ മേയറുമാണ് ഇവര്‍. ആര് ബിന്ദുവിന്റെ സ്ഥാനാര്‍ത്ഥിത്വം നേരത്തെ വിവാദമായിരുന്നു. കോങ്ങാട് മണ്ഡലത്തില്‍ അഡ്വക്കേറ്റ് കെ. ശാന്തകുമാരി ആണ് സിപിഎം സ്ഥാനാര്‍ത്ഥി.






