
ന്യൂഡല്ഹി: കോവിഡ് കേസുകള് ഉയരുന്ന മഹാരാഷ്ട്രയിലെ സാഹചര്യത്തില് ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമാണെന്നും രാജ്യത്തെ കോവിഡ് മുക്തമാക്കണമെങ്കില് വൈറസിനെ നിസ്സാരമായയി കാണരുതെന്നും നീതി ആയോഗ് അംഗം ഡോ. വികെ പോള് മുന്നറിയിപ്പ് നല്കി.
'മഹാരാശഷ്ട്രയെക്കുറിച്ച് വളരെയധികം ആശങ്കയുണ്ട്. ഗുരുതരമായ വിഷയമാണിത്. വൈറസിനെ നിസ്സാരമായി കാണരുതെന്നും കോവിഡ് മുക്തമായി തുടരണമെങ്കില് വൈറസിനെ നേരിടാന് ഉതകുന്ന പെരുമാറ്റം നമ്മള് പിന്തുടരേണ്ടതുണ്ട് എന്നുമുള്ള രണ്ട് പാഠങ്ങളാണ് മഹാരാഷ്ട്രയിലെ സ്ഥിതി നല്കുന്നത്' വികെ പോള് വ്യക്തമാക്കി.
ജനിതക മാറ്റം വന്ന വൈറസുമായി മഹാരാഷ്ട്രയിലെ കോവിഡ് വ്യാപനത്തിന് ബന്ധമില്ല. വലിയ തോതില് ആളുകള് കൂട്ടംകൂടിയതും കോവിഡ് മാര്ഗനിര്ദേശങ്ങള് ലംഘിച്ചതുമാണ് രോഗവ്യാപനത്തിന് കാരണമെന്ന് ഐസിഎംആര് തലവന് ബല്റാം ഭാര്ഗവ പറഞ്ഞു. നാഗ്പുരില് മാര്ച്ച് 15 മുതല് 21 വരെ ലോക്ഡൗണ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തെ കോവിഡ് സാഹചര്യത്തെ കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചത്. വ്യാഴാഴ്ച 13,659 പേര്ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. രാജ്യത്താകെ റിപ്പോര്ട്ട് ചെയ്ത കേസുകളുടെ 60 ശതമാനമാണിത്.







Comments