കോഴിക്കോട്: സി.പി.എം പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കുറ്റ്യാടിയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ കേരളാ കോണ്‍ഗ്രസ് എം പിന്നാക്കം പോയിട്ടും സി.പി.എം. നിലപാടില്‍ ഉറച്ച് തന്നെ. പ്രതിഷേധങ്ങള്‍ക്കു വഴങ്ങേണ്ടെന്ന നിലപാടെടുത്ത കുന്നുമ്മല്‍, വടകര ഏരിയാ കമ്മിറ്റി യോഗങ്ങള്‍ പാര്‍ട്ടി നിലപാടുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി 14ന് കുറ്റ്യാടിയില്‍ പ്രകടനവും രാഷ്ര്ടീയവിശദീകരണ യോഗവും നടത്തും. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം, ജില്ലാ സെക്രട്ടറി പി. മോഹനന് എന്നിവര്‍ യോഗത്തില്‍ പാര്‍ട്ടി നിലപാട് വിശദീകരിച്ചു.
കുന്നുമ്മല്‍, വടകര ഏരിയാ കമ്മിറ്റികളാണ് കുറ്റ്യാടി മണ്ഡലത്തില്‍ വരിക. നേതൃതലത്തില്‍ തീരുമാനമെടുത്താല്‍ അതു നടപ്പാക്കുന്ന രീതിയാണ് പാര്‍ട്ടിക്കുള്ളതെന്ന് ഏരിയാ കമ്മിറ്റിയില്‍ നേതാക്കള്‍ വ്യക്തമാക്കി. അതു കൊണ്ടുതന്നെ പ്രതിഷേധങ്ങള്‍ക്കു പ്രസക്തിയില്ല. തീരുമാനവുമായി പാര്‍ട്ടി മുന്നോട്ടു പോകും. കുറ്റ്യാടിയിലെ പ്രതിഷേധം പേരാമ്പ്ര, നാദാപുരം, വടകര മണ്ഡലങ്ങളില്‍ ഇടതു മുന്നണിയെ ബാധിക്കില്ലെന്ന് യോഗങ്ങള്‍ വിലയിരുത്തി. രണ്ട് ഏരിയാ കമ്മിറ്റിക്കു കീഴിലുള്ള ലോക്കല്‍ കമ്മിറ്റി യോഗങ്ങളിലും പാര്‍ട്ടി നിലപാട് വിശദീകരിക്കുന്നുണ്ട്. ബ്രാഞ്ച് കമ്മിറ്റി യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേ സമയം, സി.പി.എം പ്രവര്‍ത്തകരുടെ പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനവും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളും ഉടനെ വേണ്ടന്നാണ് കേരളാ കോണ്‍ഗ്രസ് എം ജില്ലാ കമ്മിറ്റിയുടെ നിലപാട്. സി.പി.എം പ്രവര്‍ത്തകരെ ശാന്തരാക്കിയ ശേഷം മതി തെരഞ്ഞെടുപ്പു പ്രചാരണമെന്ന് ജില്ലാ നേതൃത്വം സംസ്ഥാന ചെയര്മാന് ജോസ് കെ. മാണിയെ അറിയിച്ചു. കുറ്റ്യാടിക്കു പകരം തിരുവമ്പാടി മതിയെന്നും ജില്ലാ കമ്മിറ്റി അറിയിച്ചിട്ടുണ്ട്. കുറ്റ്യാടിയില്‍ പാര്‍ട്ടി ചിഹ്നഹ്നത്തില്‍ മത്സരിക്കണമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നതെങ്കില്‍ തിരുവമ്പാടിയിലെ സി.പി.എം സ്ഥാനാര്‍ഥി ലിന്റോ ജോസഫിനെ കുറ്റ്യാടിയിലേക്കു മാറ്റിയാല്‍ മതിയെന്ന നിര്‍ദേശവും കേരളാ കോണ്‍ഗ്രസ് എം മുന്നോട്ടു വച്ചിട്ടുണ്ട്. ഇക്കാര്യം സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനെ അറിയിച്ചിട്ടുണ്ട്.
സി.പി.എം ആവശ്യപ്പെട്ടാല്‍ കുറ്റ്യാടി വിട്ടുകൊടുക്കാന്‍ കേരളാ കോണ്‍ഗ്രസ് എം തയാറാണ്. എന്നാല്‍, സ്വമേധയാ മണ്ഡലം വിട്ടു നല്‍കില്ല. എന്നാല്‍ സീറ്റ് വിട്ടു നല്കാന് സി.പി.എമ്മും ആവശ്യപ്പെടില്ല. പ്രതിഷേധം കണക്കിലെടുക്കാതെ മുന്നോട്ടു പോയാല്‍ അത് വിജയത്തെ ബാധിക്കുമെന്ന വിലയിരുത്തലാണ് കേരളാ കോണ്‍ഗ്രസിനുള്ളത്.






