
കൊല്ലം: വോട്ടു തേടി ഇറങ്ങാനാവാത്ത സ്ഥിതിയിലാണ് പത്തനാപുരത്തെ ഇടതു സ്ഥാനാര്‍ഥി കെ.ബി.ഗണേഷ്കുമാർ.
അപ്രതീക്ഷിതമായി ഉണ്ടായ കൊവിഡ് ബാധയാണ് കെ.ബി.ഗണേഷ്കുമാറിന് തിരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ വിനയായത്.
ആശുപത്രിക്കിടക്കയില്‍ ഉളള സ്ഥാനാര്‍ഥിയുടെ അസാന്നിധ്യത്തില്‍ സാക്ഷാല്‍ ബാലകൃഷ്ണപിളള തന്നെ മകന്റെ പ്രചാരണത്തിന് ഊര്‍ജം പകരാന്‍ രംഗത്തിറങ്ങിയിരിക്കുകയാണ്.
സീറ്റ് വിഭജനം പോലും തീരും മുമ്പേ സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിച്ച് പ്രചാരണത്തിന് തുടക്കമിട്ടയാളാണ് കെ.ബി.ഗണേഷ്കുമാര്.
സ്ഥാനാര്‍ഥിയ്ക്കായുളള ചുവരെഴുത്തുകളും ബോര്‍ഡുകളുമൊക്കെ മണ്ഡലത്തില്‍ നിറയുകയും ചെയ്തു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി കൊവിഡ് ബാധിതനായത്.
രണ്ടു തവണ നടത്തിയ കൊവിഡ് ടെസ്റ്റിലും പോസിറ്റീവ് ഫലം കിട്ടിയതോടെ ആശുപത്രി കിടക്കയില്‍ കുറഞ്ഞപക്ഷം ഈ മാസം പതിനേഴാം തീയതി വരെയെങ്കിലും തുടരേണ്ട സ്ഥിതിയിലാണ് സ്ഥാനാര്‍ഥി.ഈ സാഹചര്യത്തിലാണ് പ്രായത്തിന്റെ അവശതകള്‍ മാറ്റിവച്ച് മകന് വോട്ടു തേടി അച്ഛന് ബാലകൃഷ്ണപിളള തന്നെ ഇറങ്ങിയത്.






