മലപ്പുറം: മുന്‍മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ മകന് അഡ്വ. വിഇ ഗഫൂറിനെ കളമശ്ശേരിയില്‍ സ്ഥാനാര്‍ഥിയായി ലീഗ് പ്രഖ്യാപിച്ചു. ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ഇബ്രാഹിംകുഞ്ഞിന് സീറ്റ് നല്കാതെയുള്ള ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനം. ഇബ്രാഹിംകുഞ്ഞ് വീണ്ടും മത്സരിക്കാനിറങ്ങുന്നതിനോട് യുഡിഎഫിന് താത്പര്യമില്ലായിരുന്നെങ്കിലും ലീഗിന് ഒഴിവാക്കാന്‍ കഴിയില്ലായിരുന്നു. എന്നാല്‍ ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇബ്രാഹിംകുഞ്ഞിനെ ഒഴിവാക്കി മകന് സീറ്റ് നല്കി പ്രശ്നം പരിഹരിച്ചത്.
തന്റെ മകനായതുകൊണ്ടല്ല വിഇ ഗഫൂറിന് സീറ്റ് കിട്ടിയതെന്നാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യപിച്ചതിനു ശേഷം ഇബ്രാഹിംകുഞ്ഞ് പ്രതികരിച്ചത്. നാലു തവണ എംഎല്‍എയാകാനും രണ്ടു തവണ മന്ത്രിയാകാനും പാര്‍ട്ടി അവസരം നല്‍കിയെന്നും പാര്‍ട്ടിക്ക് നന്ദിയെന്നും വികാരധീനനായി ഇബ്രാഹിംകുഞ്ഞ് പ്രതികരിച്ചത്. സംഘടനതലത്തില്‍ വിവിധ പദവികള്‍ വഹിച്ചയാളാണ് തന്റെ മകന് വിഇ ഗഫൂര്‍. മറ്റുള്ളവരെപ്പോലെത്തന്നെ ജനങ്ങള്‍ക്ക് വിധേയനായി മകനും പ്രവര്‍ത്തിക്കുമെന്നാണ് തന്റെ ആത്മവിശ്വാസമെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
അതേസമയം പാലാരിവട്ടം അഴിമതി കേസ് തന്റെ സ്ഥാനാര്‍ഥിത്വത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നാണ് ഇബ്രാഹഹിംകുഞ്ഞ് പറയുന്നത്. പുതുമുഖങ്ങള്‍ വരട്ടെയെന്നും അദേഹം പറഞ്ഞു. എന്നാല്‍ ലീഗ് എറണാകുളം ജില്ലാ നേതൃത്വത്തിലെ പ്രബല വിഭാഗം ഇബ്രാഹിം കുഞ്ഞിനും മകനുമെതിരെ രംഗത്തെത്തിയിരുന്നു. പ്രാദേശികഘടകത്തിന്റെ വെല്ലുവിളി എങ്ങനെ നേരിടുമെന്നതാണ് വിഇ ഗഫൂറിന് മുന്നിലുള്ള വെല്ലുവിളി.






