
കൊച്ചി: പിറവത്ത് എല്‍.ഡി.എഫിന് അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി ഡോ. സിന്ധുമോള്‍ ജേക്കബ് എത്തിയതോടെ ഒരു വശത്ത് പ്രചാരണവും മറുവശത്ത് പ്രതിഷേധവും എന്ന മട്ടിലായി കാര്യങ്ങള്‍.
പിറവത്ത് എല്‍.ഡി.എഫിനു പ്രത്യേകിച്ച് മാണി ഗ്രൂപ്പിലെ ഒരു വിഭാഗത്തിന് സിന്ധുമോള്‍ ജേക്കബിന്റെ രംഗപ്രവേശം ഞെട്ടിക്കുന്നതായിരുന്നു. ആരും പ്രതീക്ഷിക്കാത്ത പേരായിരുന്നു അത്. പൊരുത്തപ്പെടാന്‍ കഴിയാതെ മാണിവിഭാഗം നേതാവും സ്ഥാനാര്‍ഥിയാകുമെന്നു കരുതിയിരുന്നയാളുമായ ജില്‍സ് പെരിയപ്പുറം രാജിവയ്ക്കുകയും ചെയ്തു. ജില്‍സിനെ അനുകുലിക്കുന്നവര്‍ ജോസ് കെ. മാണിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചപ്പോള്‍ ഇതൊന്നും കൂസാതെ ഡോ. സിന്ധുമോള്‍ ജേക്കബ് പ്രചാരണം ഉഷാറാക്കുകയും ചെയ്തു.
ടൗണിലെ കടകള്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യദിവസം പ്രചാരണം. പ്രതിഷേധം തണുപ്പിച്ച് എല്ലാവരേയും ഒന്നിപ്പിച്ച് കൊണ്ടുപോകുമെന്നാണു സ്ഥാനാര്‍ഥിയുടെ നിലപാട്. പാര്‍ട്ടിയില്‍നിന്ന് ആരും വിട്ടുപോയിട്ടില്ലെന്നും വരുംദിവസങ്ങളില്‍ അവരും ഒപ്പമുണ്ടാകുമെന്ന് സിന്ധു വ്യക്തമാക്കുന്നു.
എതിര് സ്ഥാനാര്‍ഥി അനൂപ് ജേക്കബ് ആകട്ടെ മണ്ഡലം യോഗങ്ങളില്‍ പങ്കെടുത്ത് പ്രചാരണത്തിനു തുടക്കമിട്ടു കഴിഞ്ഞു. സംസ്ഥാനത്ത് എല്‍.ഡി.എഫിനു മുമ്പേ യു.ഡി.എഫിന്റെ പ്രചാരണം ആരംഭിച്ച ആദ്യമണ്ഡലമാണ് പിറവം. ജേക്കബ് ഗ്രൂപ്പിന് പിറവമെന്ന ഒറ്റ സീറ്റ് മാത്രമേ യു.ഡി.എഫ് നല്‍കിയിട്ടുള്ളൂ. ഇതില്‍ മറ്റവകാശവാദങ്ങളുമായി ആരുമെത്താതിരുന്നതുകൊണ്ട് ആശങ്കകളില്ലാതെ അനൂപിനു പ്രചാരണം തുടങ്ങാനുമായി.






