കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് സംഭവിച്ചത് അപകടമാണെന്നും ആക്രമണമുണ്ടായതിന് തെളിവില്ലെന്ന് പ്രത്യേക നിരീക്ഷകരുടെ റിപ്പോര്‍ട്ട്. ആക്രമണത്തിലാണ് പരിക്കേറ്റതെന്ന വാദം തള്ളിക്കളഞ്ഞുകൊണ്ടാണ് റിപ്പോര്‍ട്ട്. പ്രത്യേക നിരീക്ഷകരായ വിവേക് ദുബെ, അജയ് നായിക് എന്നിവരില്‍ നിന്നാണ് കമ്മീഷന് റിപ്പോര്‍ട്ട് തേടിയത്. മമതയ്ക്ക് നേരെ ആക്രമണമുണ്ടായതിന് തെളിവില്ലെന്നും സംഭവസമയത്ത് മമത പൊലീസിന് നടുവിലാണെന്നും വ്യക്തമാക്കി.
അതേസമയം ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യയ വിഷയത്തില്‍ നേരത്തെ നല്കിയ റിപ്പോര്‍ട്ടില്‍ അതൃപ്തി പ്രകടിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷന് അദേഹത്തില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് തേടി. അപകടം നടന്ന സ്ഥലത്ത് പരിശോധന നടത്തിയ ശേഷമാണ് പ്രത്യേക നിരീക്ഷകര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മമതയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
തൃണമൂല്‍ നേതാക്കളായ ആറംഗ സംഘം തിരഞ്ഞെടുപ്പ് കമ്മീഷന് സംഭവത്തില്‍ പരാതി നല്‍കിയിരുന്നു. സംഭവം യാദൃശ്ചികമല്ലെന്നും മുഖ്യമന്ത്രിയെ വകവരുത്താന്‍ നടന്ന ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതിന് പിന്നില്‍ ബിജെപിയാണെന്നും അവര്‍ ആരോപിച്ചു. ബുധനാഴ്ചയാണ് നന്ദിഗ്രാമിലെ ഉന്തിലും തള്ളിലും പെട്ട് മമതയ്ക്ക് പരിക്കേറ്റത്. നാലഞ്ചുപേര് ചേര്‍ന്ന് തന്നെ മനഃപൂര്‍വം തള്ളിയിട്ടതാണെന്നായിരുന്നു മമത ആരോപിച്ചിരുന്നത്. ഇടതുകാലിന് പരിക്കേറ്റ മമത ചികിത്സക്കു ശേഷം ആശുപത്രി വിട്ടിരുന്നു.






