ഹൈദരാബാദ്: ആന്ധ്രപ്രദേശ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് കൂറ്റന്‍ ജയത്തിലേക്ക്. 8 കോര്‍പ്പറേഷനുകളിലും 66 മുനിസിപ്പാലിറ്റികളിലുമാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് ലീഡ് നേടിയിരുന്നു. 12 കോര്‍പ്പറേഷനുകളിലേക്കും 75 മുനിസിപ്പാലിറ്റികളിലേക്കും നഗര പഞ്ചായത്തുകളിലേക്കുമാണ് ബുധനാഴ്ച തിരഞ്ഞെടുപ്പ് നടന്നത്.
12 കോര്‍പ്പറേഷനുകളില്‍ ആകെയുള്ള 671 ഡിവിഷനുകളിലും 90 ഇടങ്ങളിലും മുനിസിപ്പല്‍ പഞ്ചായത്ത് വാര്‍ഡുകളിലെ 75 ഇടങ്ങളിലും സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതേസമയം കോണ്‍ഗ്രസിനും ബിജെപിക്കും എവിടെയും ലീഡ് നേടാനായിട്ടില്ല. മൂന്നൂ സീറ്റുകളില്‍ ലീഡ് നേടി തെലുങ്കുദേശം പാര്‍ട്ടി രണ്ടാം സ്ഥാനത്തുണ്ട്.
65 ശതമാനം പോളിങ് ആണ് തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. ജഗന് മോഹന്‍ റെഡ്ഡിയുടെ മണ്ഡലമായ പുലിവേന്ദുല ഉള്‍പ്പെടെയുള്ള നാല് മുനിസിപ്പാലിറ്റികളും വൈഎസ്ആര്‍ കോണ്‍ഗ്രസ് എതിരില്ലാതെ ജയിച്ചു. ജഗന്മോഹന് റെഡ്ഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.






