
തിരുവനന്തപുരം: ആദ്യ പട്ടികയില്‍ സീറ്റ് നിഷേധിക്കപ്പെടുകയും ഒടുവില്‍ ദേശീയ നേതൃത്വം ഇടപെട്ട് സീറ്റ് നല്‍കുകയും ചെയ്ത ബിജെപിയുടെ പ്രമുഖ വനിതാ നേതാവ് ശോഭാ സുരേന്ദ്രന് കഴക്കൂട്ടത്ത് നിന്നു തന്നെ മത്സരിക്കും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തവണ ഈ സീറ്റില്‍ മത്സരിച്ച കേന്ദ്രമന്ത്രി വി. മുരളീധരന് മറ്റ് ഉയര്‍ന്ന പദവികള്‍ നല്‍കാമെന്ന ധാരണയില്‍ അനുനയിപ്പിച്ചെന്നും വിവരമുണ്ട്.
കഴക്കൂട്ടം, കരുനാഗപ്പള്ളി, കൊല്ലം സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെ ഒഴിച്ചിട്ടിരുന്നു. ഇതില്‍ കഴക്കൂട്ടം പ്രഖ്യാപിക്കാതിരുന്നത് കോണ്‍ഗ്രസില്‍ വിന്നും വരുന്ന വമ്പന്‍ വേണ്ടി നടത്തിയ ഒഴിച്ചിടലായിരുന്നു എന്നാണ് സൂചനകള്‍. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും ആരും വരാതിരുന്ന സ്ഥാനത്താണ് കഴക്കൂട്ടം ശോഭാ സുരേന്ദ്രന് നല്‍കിയത്. ആദ്യം ദേശീയ നേതൃത്വം കഴക്കൂട്ടത്ത് നിര്‍ദേശിച്ചിരുന്ന പേര് ശോഭാ സുരേന്ദ്രന്റേതായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വിട്ടു വരുന്ന വമ്പന്‍ നേതാവിനായി സീറ്റ് നല്‍കണമെന്നായിരുന്നു ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഒടുവില്‍ കോണ്‍ഗ്രസില്‍ നിന്നും പ്രമുഖരാരും എത്തുന്നില്ലെന്ന് ഉറപ്പായതോടെ ദേശീയ നേതൃത്വം തന്നെ ഇടപെട്ട് ശോഭയ്ക്ക് സീറ്റ് നല്‍കുകയായിരുന്നു.
നേരത്തേ മത്സരിക്കുന്നില്ലെന്ന നിലപാട് എടുത്ത ശോഭ ദേശീയ നേതൃത്വത്തിലെ പ്രമുഖര്‍ ഇടപെട്ടതിനാല്‍ നിരസിക്കാനാകില്ലെന്ന് പറഞ്ഞാണ് സ്ഥാനാര്‍ത്ഥിയാകാന്‍ സമ്മതം മൂളിയിരിക്കുന്നത്. മത്സരിക്കുന്നെങ്കില്‍ കഴക്കൂട്ടം മതിയെന്ന കര്‍ശന നിലപാടും എടുത്തിരുന്നു. കഴക്കൂട്ടം കഴിഞ്ഞ തവണ വി. മുരളീധരന് രണ്ടാമത് വന്ന ബിജെപി എ പ്ലസ് കാറ്റഗറിയില്‍ പെടുത്തിയിരിക്കുന്ന മണ്ഡലമാണ്. കഴിഞ്ഞ തവണ 7000 വോട്ടുകള്‍ക്ക് കടകംപള്ളി സുരേന്ദ്രന് ജയിച്ച മണ്ഡലത്തില്‍ 42,700 വോട്ടുകളുമായി വി. മുരളീധരന് രണ്ടാമതായിരുന്നു. 50,000 വോട്ടായിരുന്നു കടകംപള്ളി നേടിയത്. 38,000 വോട്ടുകളുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വഹീദ് മൂന്നാം സ്ഥാനത്തായി പോകുകയും ചെയ്തിരുന്നു.
അതേസമയം ഇത്തവണ ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാറിന്റെ പേരില്ലാതെയാണ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്. നേതാക്കള്‍ വേട്ടയാടുന്നതായി ആരോപിച്ച് സി.പി.ഐ വിട്ട തമ്പി മേട്ടുതുറ കുട്ടനാട്ടില്‍ ബി.ഡി.ജെ.എസിന് വേണ്ടി പോരിന് ഇറങ്ങും. ബി.ജെ.പി നിര്‍ദേശത്തെ തുടര്‍ന്ന് ഏറ്റുമാനൂരിലെ സ്ഥാനാര്‍ഥി ഭരത് കൈപ്പാറേടന്റെ സ്ഥാനാര്‍ഥിത്വം ബി.ഡി.ജെ.എസ് റദ്ദാക്കി. എന്‍ ശ്രീനിവാസന് നായരാണ് പുതിയ സ്ഥാനാര്‍ഥി. ഇത് പഴയ ബിജെപി അല്ലെന്നും കഴക്കൂട്ടത്ത് വന്‍ വിജയം നേടുമെന്നുമാണ് ശോഭാ സുരേന്ദ്രന്റെ പ്രതികരണം.






