
തിരുവനന്തപുരം : ഏറ്റുമാനൂര്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് തല മുണ്ഡനം ചെയ്ത് പ്രതിക്ഷേധമറിയിച്ച ലതിക സുഭാഷ് അടഞ്ഞ അധ്യായമാണന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന്റെ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി പട്ടികയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പോകാന്‍ തീരുമാനിച്ചാല്‍ മറ്റ് മാര്ഗ്ഗമില്ലായെന്നും അദ്ദേഹം പറഞ്ഞു. പിസി ചാക്കോയുടെ മുന്നണി മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഏത് പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഓരോരുത്തര്ക്കുമുണ്ടന്നാണ് ചെന്നിത്തല പറഞ്ഞത്.
ഇത്തരമൊരു പ്രതിഷേധപ്രകടനത്തിന് പിന്നില്‍ സിപിഎം തിരക്കഥയെന്ന് ആരോപിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ലതിക കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മുറിവുണ്ടാക്കി, മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണതെന്നും മുല്ലപ്പള്ളി ആരോപിച്ചു. ധര്‍മ്മടത്ത് വാളയാര്‍ പെണ്‍കുട്ടികളുെട അമ്മയ്ക്ക് പിന്തുണ കൊടുക്കണോയെന്ന് പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം മുന്നണികളിലെല്ലാം പ്രതിക്ഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ലതികാ സുഭാഷിന്റെ പ്രതിക്ഷേധ പ്രകടനം കേരളാ രാഷ്ട്രീയ ചരിത്രത്തില്‍ മുന്‍പെങ്ങും പറഞ്ഞ് കേള്‍ക്കാത്തതാണ്. അവഗണന അനുഭവിക്കുന്ന വനിതാ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണ് താനിത് ചെയ്തതെന്ന് തല മുണ്ഡനം ചെയ്തതിന് ശേഷം മാധ്യമങ്ങളോട് അവര്‍ പറഞ്ഞിരുന്നു.






