
കോട്ടയം : അധികാരത്തര്‍ക്കത്തിനൊടുവില്‍ പാര്‍ട്ടിയും ചിഹ്നവുമില്ലാതായ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം പി.സി. തോമസിന്റെ പാര്‍ട്ടിയുമായി ലയിച്ച് കേരളാ കോണ്‍ഗ്രസായി. എന്‍.ഡി.എ. ബന്ധമുപേക്ഷിച്ച പി.സി. തോമസാകട്ടെ, ജോസഫ് വിഭാഗവുമായി ലയിച്ചതോടെ യു.ഡി.എഫിന്റെ ഭാഗവുമായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. നല്കിയ പത്തു സീറ്റില്‍ പൊതുവായ ചിഹ്നം ലഭിക്കാനുള്ള ശ്രമമാണിനി.
പഴയ ജോസഫ് വിഭാഗം പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അതിവേഗത്തില്‍ നടത്തുന്നതിനിടെയാണു ലയനമുണ്ടായത്. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിന്റെ തെരഞ്ഞെടുപ്പ് കണ്വന്ഷനിലെത്തിയാണു പി.സി. തോമസ് ലയനം പ്രഖ്യാപിച്ചത്. കേരളാ കോണ്‍ഗ്രസുകളില്‍ ബ്രാക്കറ്റോ ഇനിഷ്യലോ ഇല്ലാത്ത പാര്‍ട്ടിയാണു തോമസിന്റേത്. ലയനശേഷമുള്ള കേരളാ കോണ്‍ഗ്രസിന്റെ ചെയര്മാന് പി.ജെ. ജോസഫാണ്. പി.സി. തോമസ് ഡെപ്യൂട്ടി ചെയര്മാന്. മോന്‍സ് ജോസഫ് വൈസ് ചെയര്‍മാനും ജോയി ഏബ്രഹാം സെക്രട്ടറി ജനറലുമാണ്. മറ്റ് ഭാരവാഹികളെ തെരഞ്ഞെടുപ്പിനു ശേഷം പ്രഖ്യാപിക്കും.
കേരളാ കോണ്‍ഗ്രസും (എം) രണ്ടിലയും ജോസ് പക്ഷത്തിനെന്ന തെരഞ്ഞെടുപ്പു കമ്മിഷന് തീരുമാനം സുപ്രീംകോടതി അംഗീകരിച്ചതും, തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ചെണ്ട ഇപ്പോള്‍ പട്ടികയിലില്ലാത്തതും ജോസഫ് വിഭാഗത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.
മറ്റൊരു പൊതുചിഹ്നം ലഭിക്കാനുള്ള സാധ്യത മങ്ങിയതോടെയാണു പി.സി. തോമസുമായി ലയനത്തിന് ജോസഫ് വിഭാഗം തയാറായത്. മുതിര്‍ന്ന നേതാവെന്ന നിലയില്‍ ചെയര്മാന് സ്ഥാനം ജോസഫിനു ലഭിച്ചു. എന്‍.ഡി.എ. സീറ്റ് നല്‍കാതെ വന്നതോടെ പി.സി. തോമസും പ്രതിസന്ധിയിലായിരുന്നു. തോമസിനും കൂട്ടര്‍ക്കും ഇപ്പോഴും സ്വന്തമായി സീറ്റില്ലെങ്കിലും യു.ഡി.എഫില്‍ പത്തു സീറ്റ് ലഭിച്ച വിഭാഗത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞു.
നേരത്തേ പി.ജെ. ജോസഫ് കേരളാ കോണ്‍ഗ്രസി(എം)ല്‍ ലയിച്ചപ്പോള്‍ പി.സി. തോമസ് എല്‍.ഡി.എഫിനൊപ്പം നിന്നു. ജോസഫുമായി അക്കാലത്ത് നിയമയുദ്ധം നടത്തിയാണു കേരളാ കോണ്‍ഗ്രസ് എന്ന പേര് സ്വന്തമാക്കിയത്. പ്രതിസന്ധിഘട്ടത്തില്‍ ജോസഫിന് അതേ കേരളാ കോണ്‍ഗ്രസ് രക്ഷയായി. രജിസ്റ്റേഡ് പാര്‍ട്ടി മാത്രമായ കേരളാ കോണ്‍ഗ്രസിന്റെ നിലവിലെ ചിഹ്നം കസേരയാണ്. പൊതുചിഹ്നമായി സൈക്കിള്‍ അനുവദിച്ചുകിട്ടാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്. കമ്മിഷന് അനുവദിക്കുന്ന ചിഹ്നത്തിലാകും ജോസഫ് വിഭാഗത്തിലെ പത്തു സ്ഥാനാര്‍ഥികളും മത്സരിക്കുക.
ഷാലു മാത്യു






