
അഹമ്മദാബാദ്: ഇന്ത്യയ്ക്കെതിരായ നാലാം ട്വന്റി20 മത്സരത്തില്‍ ഇംഗ്ലണ്ടിന് 186 റണ്‍സ് വിജയലക്ഷ്യം. ഇഷാന് കിഷന് പകരമിറങ്ങിയ സൂര്യകുമാര്‍ യാദവിന്റെ( 31 പന്തില്‍ 57 റണ്‍സ്) തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയും പന്തിന്റെയും( 23 പന്തില്‍ 30) ശ്രേയസ് അയ്യറുടെയും(17 പന്തില്‍37) തകര്‍പ്പനടിയുമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തു.
രോഹിത് ശര്‍മ്മയും(12 പന്തില്‍ 12 റണ്‍സ്), കെഎല്‍രാഹുലും(17 പന്തില്‍ 14) ചേര്‍ന്നുള്ള ഓപ്പണിങ് മികച്ച തുടക്കമെന്ന് തോന്നിപ്പിച്ചുവെങ്കിലും സ്കോര്‍ 21 ല്‍ നില്‍ക്കവെ രോഹിതിനെ ജോഫ്ര ആര്‍ച്ചര്‍ മടക്കി. പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവ് അടി തുടങ്ങിയപ്പോള്‍ കെഎല്‍ രാഹുല്‍ ഒരറ്റത്ത് പിടിച്ചു നില്‍ക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും സ്കോര്‍ 63 ല്‍ നില്‍ക്കെ സ്റ്റോക്സിനു മുന്നില്‍ വീണു. നാലാമനായി എത്തിയ വിരാട് കോഹ്ലി(1 റണ്‍സ്) വന്നതേ സാം കറന് മുന്നില്‍ വീണ് കുടാരം കയറി. അഞ്ചാം വിക്കറ്റില്‍ ഋഷഭ് പന്തും ശ്രേയസ് അയ്യറും ചേര്‍ന്നാണ് ഇന്ത്യന്‍ സ്കോര്‍ വേഗത്തില്‍ ഉയര്‍ത്തിയത്. പന്തിനെ ആര്‍ച്ചര്‍ മടക്കിയപ്പോള്‍ 11 റണ്‍സുമായി ഹാര്‍ദ്ദിക് പാണ്ഡ്യയെ മാര്‍ക് വുഡും തിരിച്ചയച്ചു. അവസാന ഓവറില്‍ ആദ്യ പന്തില്‍ ജോഫ്ര ആര്‍ച്ചറാണ് അയ്യറുടെ വിക്കറ്റ് വീഴ്ത്തിയത്. നാല് റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറിനെ തൊട്ടടുത്ത പന്തിലും ആര്‍ച്ചര്‍ മടക്കി. 10 റണ്‍സുമായി ഷര്‍ദുല്‍ താക്കൂറും ഭുവനേശ്വര്‍ കുമാറും പുറത്താകാതെ നിന്നു.
ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ നാല് വിക്കറ്റ്, ആദില്‍ റാഷിദ്, ബെന്‍ സ്റ്റോക്സ്, സാം കറന്, മാര്‍ക്ക് വുഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇംഗ്ലണ്ട് 2-1 ന് മുന്നിലാണ്.






