
ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവിയുടെ ട്വീറ്റില്‍ ദുഃഖിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അസം പ്രളയത്തെക്കുറിച്ച് മിണ്ടുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ടൂള്‍കിറ്റ് വിവാദത്തെക്കുറിച്ചും അതില്‍ കോണ്‍ഗ്രസിനി പങ്കുണ്ടെന്ന് പ്രധാനമന്ത്രി ആരോപിച്ചതിന് പിന്നാലെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന അസമില്‍ പ്രചരണത്തിനെത്തിയതായിരുന്നു പ്രിയങ്ക.
ദിഷ രവിയെന്ന 22-കാരിയുടെ ട്വിറ്റര്‍ പോസ്റ്റില്‍ വ്യാകുലനാകുന്ന പ്രധാനമന്ത്രി അസ്സമില്‍ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരുടെ ബുദ്ധിമുട്ടില്‍ വേദനിക്കുന്നില്ലെന്നായിരുന്നു പ്രിയങ്കയുടെ ആരോപണം. കഴിഞ്ഞ ദിവസം മോദി നടത്തിയ പ്രസംഗം ഞാന്‍ ശ്രദ്ധിച്ചു. ഒരു വികസനത്തില്‍ അദ്ദേഹത്തിന് വലിയ ദുഃഖമുണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കരുതി അസ്സമിലെ വികനത്തില്‍ അല്ലെങ്കില്‍ അസ്സമിലെ ബി.ജെ.പി.യുടെ പ്രവത്തനത്തിലാകുമെന്ന്. എന്നാല്‍ ഞാന്‍ ഞെട്ടിപ്പോയി, 22 വയസ്സുള്ള പെണ്‍കുട്ടിയുടെ ട്വീറ്റിനെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. അസമിലെ വ്യവസായത്തെ നശിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞെന്നും പ്രിയങ്ക കുറ്റപെടുത്തി.






