
ഇടുക്കി: തൊടുപുഴയുടെ പേരിനൊപ്പം ചേര്‍ന്ന പേരാണ് പിജെ ജോസഫ് എന്നത്. തൊടുപുഴക്കാരുടെ മണ്ണിലും മനസിലും പതിഞ്ഞ പേര്. ആ ആത്മവിശ്വാസത്തിലാണ് 11ആം അങ്കത്തിന് തൊടുപുഴയില്‍ പിജെ ഇറങ്ങുന്നത്. എതിരാളി ഇടതുപക്ഷത്ത് നിന്നും കേരള കോണ്‍ഗ്രസ് എമ്മിന്റെ കെ ഐ ആന്റണി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിജെ ജോസഫിന് വേണ്ടി വോട്ട് തേടിയ കെ ഐ ആന്റണി ഇക്കുറി എതിര്‍പക്ഷത്ത് നിന്ന് സ്വയം വോട്ട് തേടുകയാണ്. തൊടുപുഴ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്ന റെക്കോര്‍ഡ് സ്നേഹം ഇരട്ടിയാകുമെന്ന പ്രതീക്ഷയാണ് യുഡിഎഫ് ക്യാമ്പിലുള്ള എല്ലാവര്ക്കും ഉള്ളത്.
അര നൂറ്റാണ്ട് പിന്നിട്ട പിജെ ജോസഫിന്റെ നിയമസഭാ പ്രവേശനത്തിന്റെ ഊര്‍ജ്ജത്തിന് പിന്നില്‍ തോളോട് തോള് ചേര്‍ന്ന് നിന്ന തൊടുപുഴക്കാരാണ്. 1970 മുതല്‍ തൊടുപുഴയില്‍ മല്‍സരിച്ച പിജെ ജോസഫ് ഒന്‍പത് തവണയാണ് മണ്ഡലം പിടിച്ചുനിര്‍ത്തിയത്. 2016ല്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് തൊടുപുഴക്കാര്‍ പിജെ ജോസഫിനെ നിയമസഭയിലേക്ക് അയച്ചത്. കേരള നിയമസഭാ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിജെ ജോസഫിന് തൊടുപുഴക്കാര്‍ നല്‍കിയത്. ഇടത് പിന്തുണയോടെ മല്‍സരിച്ച റോയി വരിക്കാട്ടിനെ 45587 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പിജെ തോല്‍പ്പിച്ചു വിട്ടത്.
ഇടത് തരംഗം സംസ്ഥാനത്ത് ആകെ വീശിയ 2016ലെ തെരഞ്ഞെടുപ്പില്‍ തൊടുപുഴയില്‍ യുഡിഎഫിന് ലഭിച്ചത് മറ്റെങ്ങുമില്ലാത്ത തരത്തിലുള്ള സ്വീകരണമായിരുന്നുവെന്ന് പറയാം. ഇക്കുറിയും ഇതാവര്‍ത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് പിജെയും സംഘവും കളത്തിലിറങ്ങിയിരിക്കുന്നത്. പിജെ ജോസഫ് എതിരില്‍ നില്ക്കുമ്പോള് ജോസ് കെ മാണിക്കും കൂട്ടര്‍ക്കും തൊടുപുഴ ഒരു ബാലികേറാമലയാകുകയാണ്. ആ പ്രതിസന്ധിക്ക് ഇടയില്‍ തുടക്കത്തില്‍ തന്നെ കല്ലുകടിയാണ് സത്യവാങ് മൂലത്തില്‍ എല്‍ഡിഎഫിന് നേരിടേണ്ടി വന്നിരിക്കുന്നത്. തൊടുപുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ഐ ആന്റണിയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കുന്നത് മാറ്റിവെച്ചിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി ക്രിമിനല്‍ കേസ് വിവരം മറച്ചുവെച്ചുവെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വരണാധികാരി നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നത് മാറ്റിവെച്ചത്.
ഇതിനെല്ലാം പുറമേ ബ്രാക്കറ്റില്ലാത്ത യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസിന്റെ ചെയര്‍മാനായി വീണ്ടും പി ജെ ജോസഫ് എത്തിയത് യുഡിഎഫിനും പാര്‍ട്ടിക്കും ഗുണം ചെയ്യുമെന്നാണ് പരക്കെ വിലയിരുത്തല്‍. പി സി തോമസിന്റെ കേരള കോണ്‍ഗ്രസുമായി ലയിച്ചതോടെ ബ്രാക്കറ്റില്ലാത്ത കേരള കോണ്‍ഗ്രസ് ആയി ജോസഫ് പക്ഷം മാറിക്കഴിഞ്ഞു. ഒരു പ്രതിസന്ധിയിലും കൈവിടില്ലെന്ന് ആവര്‍ത്തിച്ച് പിജെ ജോസഫിനൊപ്പം നില്ക്കുന്ന തൊടുപുഴ 2001ല്‍ മാത്രമാണ് പിജെയ കൈവിട്ടത്. അതും പി ടി തോമസിന് മുന്നില്‍, 6000ല്‍ പരം വോട്ടുകളുടെ വ്യത്യാസത്തിലായിരുന്നു ആ പരാജയം. രാഷ്ട്രീയം മാത്രമായിരുന്നില്ല അതിനുള്ള കാരണങ്ങളും. 2011ലും 2016ലും മെല്ലാം യുഡിഎഫിനൊപ്പം ചേര്‍ന്ന് നേടിയ തിളങ്ങുന്ന വിജയം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പിജെ ജോസഫും കൂട്ടരും. ആ റെക്കോര്‍ഡ് ഭൂരിപക്ഷം ഇനിയും തിരുത്താനാകുമോ എന്നത് മാത്രമാണ് ഉയരുന്ന ചോദ്യം. തൊടുപുഴയുടെ വികസനത്തിനായി അഹോരാത്രം പ്രയത്നിച്ച നേതാവിനെ എന്നത്തേയും പോലെ മണ്ഡലം ചേര്‍ത്ത് പിടിക്കുമെന്നാണ് തൊടുപുഴയുടെ ഹൃദയതാളം അറിയുന്ന രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.






