
ആലുവ: ഉപജീവനമാര്‍ഗ്ഗമായി ഉണ്ടായിരുന്ന ജോലി പോയി, മക്കള്‍ ഇരുവര്‍ക്കും രോഗം, സാമ്പത്തീക പ്രതിസന്ധി. പക്ഷേ തന്റെ കയ്യില്‍ ഇരുന്ന ടിക്കറ്റിനെ ഭാഗ്യം വലിയ രൂപത്തില്‍ കടാക്ഷിച്ചിട്ടും സ്മിജയുടെ കണ്ണു മഞ്ഞളിച്ചില്ല. പറഞ്ഞ വാക്കു പാലിച്ച് ഭാഗ്യസമ്മാനമുള്ള ടിക്കറ്റ് പറഞ്ഞുറപ്പിച്ചയാള്‍ക്ക് തന്നെ നല്കിയ സ്മിജയുടെ ചങ്കുറപ്പിനും സത്യസന്ധതയ്ക്കും സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞ കയ്യടി ഉയരുകയാണ്.
കാക്കനാട് സര്‍ക്കാര്‍ പ്രസിലായിരുന്നു സ്മിജയ്ക്കും ഭര്‍ത്താവ് രാജേശ്വരനും ജോലി. സ്മിജ രണ്ടാമതും ഗര്‍ഭിണിയായതോടെ ജോലി നഷ്ടമായി. മൂത്തമകന് ജഗന് (12) തലച്ചോറിന് രക്തം കട്ടപിടിക്കുന്ന രോഗമുണ്ട്. രണ്ടാമത്തെ മകന് ലുെഖെദിന് ഒന്‍പതാം മാസത്തില്‍ രക്താര്‍ബുദമാണെന്ന് കണ്ടെത്തി. അവധിയെടുത്തതോടെ രാജേശ്വരന്റെയും ജോലി നഷ്ടമായി. തുടര്‍ന്നാണ് ഇരുവരും ലോട്ടറിക്കച്ചവടത്തിലേക്കിറങ്ങിയത്.
ലോട്ടറി ഏജന്റ് സ്മിജയുടെ കയ്യില്‍ നിന്നും കടം പറഞ്ഞ ലോട്ടറി ടിക്കറ്റിലൂടെയാണ് കീഴ്മാട് ചക്കംകുളങ്ങര പാലച്ചോട്ടില്‍ പി.കെ. ചന്ദ്രനെ തേടി ആറ് കോടിയുടെ ഭാഗ്യമെത്തിയത്. കടമായി പറഞ്ഞുവച്ച ടിക്കറ്റിന് ആറുകോടി സമ്മാനമടിച്ചിട്ടും യാതൊരു പ്രലോഭനങ്ങള്‍ക്കും വഴങ്ങാതെ ടിക്കറ്റ് െകെമാറാന്‍ സ്മിജ മടി കാട്ടിയില്ല. രാജഗിരി ആശുപത്രിക്ക് മുന്‍പിലാണ് സ്മിജയുടെ ടിക്കറ്റ് കച്ചവടം.
പട്ടിമറ്റം ഭാഗ്യലക്ഷ്മി ഏജന്‍സിയില്‍ നിന്ന് ലോട്ടറിയെടുത്താണ് സ്മിജ വില്‍പ്പന നടത്തുന്നത്. ഞായറാഴ്ച നടന്ന നറുക്കെടുപ്പിലാണ് എസ്.ഡി. 316142 എന്ന നമ്പറിലൂടെ ചന്ദ്രന് സമ്മാനം നേടിയത്. ഞായറാഴ്ച 12 ബമ്പര്‍ ടിക്കറ്റുകള്‍ ബാക്കി വന്നതോടെ സ്ഥിരമായി ടിക്കറ്റെടുക്കുന്ന ചന്ദ്രനോട് ഒരു ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഫോണിലൂടെ നമ്പറുകള്‍ ചോദിച്ചറിഞ്ഞ ചന്ദ്രന് ടിക്കറ്റ് തെരഞ്ഞെടുത്തു.
സമ്മാനമുണ്ടെന്ന് അറിഞ്ഞ ഉടനെ ടിക്കറ്റ് ചന്ദ്രനെ ഏല്‍പ്പിക്കുകയായിരുന്നു. മൊെബെലിലൂടെ പറഞ്ഞുവച്ച ടിക്കറ്റ് വാട്ട്സ് ആപ്പിലൂടെ ചന്ദ്രന് അയച്ചു കൊടുത്തിരുന്നെങ്കിലും ടിക്കറ്റ് നല്‍കിയിരുന്നില്ല. ഞായറാഴ്ച വൈകിട്ടോടെ തന്റെ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് സ്മിജയറിഞ്ഞു. ഇക്കാര്യം ചന്ദ്രനെ വിളിച്ചുപറഞ്ഞ് രാത്രിയോടെ ടിക്കറ്റ് കൈമാറി.
കീഴ്മാട് ഡോണ്‍ ബോസ്കോയില്‍ പൂന്തോട്ട പരിപാലകനായി ജോലി ചെയ്യുകയാണ് ചന്ദ്രന്. മൂത്തമകള്‍ ചലിതയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ വീടുപണി നടക്കുകയാണ് അവരെ സാമ്പത്തികമായി സഹായിക്കും. രണ്ടാമത്തെ മകളുടെ വിവാഹവും ബി. ടെകിന് പഠിക്കുന്ന മകന്റെ പഠന ആവശ്യങ്ങള്‍ക്കും പണം ചെലവഴിക്കാനാണ് ചന്ദ്രന്റെ ഉദ്ദേശം. കുട്ടമശേരി എസ്.ബി.ഐ. ബാങ്കിലെത്തി ടിക്കറ്റ് കൈമാറി.
പട്ടിമറ്റം വലമ്പൂരില്‍ െലെഫ് പദ്ധതി പ്രകാരം നിര്‍മിച്ച വീട്ടിലാണ് സ്മിജയും രാജേഷും മക്കളും താമസിക്കുന്നത്. മൂത്തമകന് മസ്തിഷ്ക്കത്തിലെ അണുബാധയ്ക്ക് ചികിത്സയിലാണ്. ഇളയവനായ രണ്ടു വയസ്സുകാരന് അര്‍ബുദ ചികിത്സയിലും. ദുരിതമായ സാഹചര്യത്തില്‍ പോലും സ്മിജ കെ. മോഹനെ ലോട്ടറിഭാഗ്യം പ്രലോഭിപ്പിച്ചില്ല. ആരാധകര്‍ ഏറിയതോടെ ഭാഗ്യക്കുറി കൊണ്ടുവരുമായിരുന്ന കോടികളേക്കാള്‍ സത്യസന്ധതയ്ക്ക് മൂല്യമുണ്ടെന്ന് സ്മിജയും കുടുംബവും ഇപ്പോള്‍ തിരിച്ചറിയുകയാണ്.






