
കൊല്‍ക്കത്ത: ബംഗാളില്‍ വോട്ടെണ്ണല്‍ നടക്കുന്ന മെയ് 2 ന് മമതാബാനര്‍ജിക്ക് പുറത്തേക്ക് വാതില്‍ തുറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. സര്‍ക്കാര്‍ വാതിലിലാണെന്നാണ് ദീദി പറയുന്നത്. എന്നാല്‍ മെയ് 2 ന് ദീതി പുറത്തേക്കുള്ള വാതില്‍ കാണുമെന്നും കാന്തിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് മോഡി പറഞ്ഞു. മമതാബാനര്‍ജിക്കെതിരേ ആഞ്ഞടിച്ച മോഡി ആംഫാന്‍ ചുഴലിക്കാറ്റ് ഇരകള്‍ക്ക് അനുവദിച്ച ദുരിതാശ്വാസം എവിടെ പോയെന്നും ചോദിച്ചു.
ഇപ്പോഴും എന്തുകൊണ്ടാണ് ആംഫാന്‍ ചുഴലിക്കാറ്റിന് ഇരയായവര്‍ തകര്‍ന്ന മേല്‍ക്കൂരയ്ക്ക് കീഴില്‍ കഴിയുന്നതെന്നും ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ അയച്ച ദുരിതാശ്വാസം ബന്ധുമിത്രാദികളില്‍ കുടുങ്ങിപ്പോയോ? ആംഫാന്‍ ചുഴലിക്കാറ്റിന്റെ ദുരിതാശ്വാസ സാധനങ്ങള്‍ ആരാണ് കൊള്ളയടിച്ചത് ? പാവപ്പെട്ടവര്‍ക്കായി അയച്ച ഭക്ഷ്യധാന്യങ്ങള്‍ ആരാണ് കൊള്ളയടിച്ചത്? മെദിനിപ്പൂര്‍ സന്ദര്‍ശനത്തിന്റെ കാര്യം പറയുമ്പോഴെല്ലാം ദീദിയ്ക്ക് ഓരോരോ ഒഴിവ് കഴിവുകളാണ്. തൃണമൂല്‍ കൊള്ളയടി മൂലം ആംഫാന്‍ ചുഴലി തകര്‍ത്ത കുടുംബങ്ങളോട് പ്രതികരിക്കാന്‍ ദീദിയ്ക്ക് കഴിയുന്നില്ല. കേന്ദ്രം അയച്ചുകൊടുത്ത ദുരിതാശ്വാസമെല്ലാം കുടുംബത്തിന്റെ ജനാലയില്‍ കുടുങ്ങുകയായിരുന്നു.
ബംഗാളില്‍ കന്നിവോട്ടര്‍മാരും 25 വയസ്സുകാരായ യുവാക്കള്‍ക്കും ഇത്തവണത്തെ വോട്ട് നിര്‍ണ്ണായകമാണ്. ഭാവിയിലെ ബംഗാള്‍ പടുത്തുയര്‍ത്തേണ്ടത് അവരാണ്. മാറ്റം ഈ മണിക്കൂറിന്റെ ആവശ്യമാണെന്നും പറഞ്ഞു. എട്ടു ഘട്ടമായിട്ടാണ് 294 അംഗ ബംഗാള്‍ തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 27 നാണ് ആദ്യ ഘട്ടം. ഏപ്രില്‍ 29 വരെ ഇത് നീളും. മെയ് 2 നാണ് വോട്ടെണ്ണല്‍. മാര്‍ച്ച് 27 ന് ആദ്യ ഘട്ടത്തില്‍ 47 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 1 നും 2 നും 30, 40 മണ്ഡലങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടക്കും.






