
ചെന്നൈ: പാര്‍ട്ടിയില്‍ ഇരട്ട നേതൃത്വമോ സ്ഥിരം മുഖ്യമന്ത്രിയോ ഉണ്ടാകില്ലെന്നും ഉപ മുഖ്യമന്ത്രിയും എഐഎഡിഎംകെ സംഘടകനുമായ ഒ പനീര്‍ശെല്‍വം. തനിക്ക് ജയലളിതയില്‍ നിന്നും വി.കെ. ശശികലയില്‍ നിന്നും വളരെയധികം ബഹുമാനം കിട്ടിയിരുന്നെന്നും ശശികലയുടെ അനന്തരിവനും എഎംഎംകെ നേതാവുമായ ടിടിവി ദിനകരനുമായി അടുത്ത ബന്ധമാണുള്ളതെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ പനീര്‍ശെല്‍വത്തിന്റെ വാക്കുകള്‍ എഐഎഡിഎംകെയിലെ പൊട്ടലും ചീറ്റലുമാണ് സൂചിപ്പിക്കുന്നതെന്നാണ് വിവരം.
ഒരു തമിഴ്ചാനലിന് നല്കിയ അഭിമുഖത്തിലാണ് പനീര്‍ശെല്‍വം ഇക്കാര്യം പറഞ്ഞത്. ഭരണം ഒറ്റ നേതൃത്വത്തിന് കീഴിലായിരിക്കും. ഇരട്ട നേതൃത്വം പാര്‍ട്ടിയിലും ഉണ്ടായിരിക്കില്ല. ഇപിഎസ് ഭരണം നിയന്ത്രിച്ചാല്‍ താന്‍ അതിനെ പിന്തുണയ്ക്കും അതുപോലെ തന്നെ പാര്‍ട്ടിയെ താന്‍ സംഘടിപ്പിച്ചാല്‍ അദ്ദേഹം തന്നെ പിന്തുണയ്ക്കും. അതാണ് തങ്ങളുടെ പരസ്പര ധാരണെയെന്നും പറഞ്ഞു.
ശശികലയെ അനുകൂലിച്ച് പനീര്‍ശെല്‍വം നടത്തിയ പരാമര്‍ശങ്ങള്‍ ഇപിഎസ് ക്യാമ്പിനെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ശശികലയെ പാര്‍ട്ടിയില്‍ തിരികെ എടുക്കുന്നതിനും എഎംഎംകെ യുമായി എഐഎഡിഎംകെ ലയിക്കുന്നതിനെയും എതിര്‍ക്കുന്നവരാണ് ഇ.പി.എസ് വിഭാഗം. പ്രസ്താവന നടത്തിയതിന് തൊട്ടുപിന്നാലെ ബുധനാഴ്ച രാവിലെ സേലത്തെ ഒരു സ്വകാര്യഹോട്ടലില്‍ ഇപിഎസ് ഒപിഎസുമായി കൂടിക്കാഴ്ച നടത്തുകയും ഇത്തരം പരാമര്‍ശങ്ങള്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ക്ക് തിരിച്ചടിയാകുമെന്ന് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ശക്തമായ സമുദായ പശ്ചാത്തലമുള്ള ബോഡിനായ്ക്കന്നൂര്‍ മണ്ഡലത്തില്‍ നിന്നാണ് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായി പനീര്‍ശെല്‍വം മത്സരിക്കുന്നത്. മുക്കളത്തൂര്‍ സമുദായത്തില്‍ പെടുന്നവര്‍ക്ക് ഭൂരിപക്ഷമുള്ള മേഖലയാണ് ഇത്. ശശികലയും ഒ. പണ്ണീര്ശെല്വവും ഉള്‍പ്പെടെയുള്ളവര്‍ വരുന്ന തേവര് സമുദായത്തിന്റെ ഉപജാതിയാണ് മുക്കുളത്തൂര്‍. നേരത്തേ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കമ്മീഷന് നടത്തുന്നത് തൊട്ടുമുമ്പാണ് വണ്ണിയാര്‍ സമുദായത്തിന് 20 ശതമാനം എംബിസി ക്വാട്ട മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സാമുദായിക തിരിച്ചടി ഭയന്ന് കൂടിയായിരുന്നു പനീര്‍ശെല്‍വത്തിന്റെ പ്രതികരണം.
സേലത്തും എടപ്പാടിയിലും തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനായി ചൊവ്വാഴ്ച രാത്രിയില്‍ പനീര്‍ശെല്‍വം എത്തിയിരുന്നു. പ്രചരണത്തില്‍ നിന്നും ചെറിയ ഇടവേളയെടുത്ത് ഈ സമയത്ത് സേലത്തെ സ്വന്തം വസതിയില്‍ വിശ്രമിക്കുകയായിരുന്നു പളനിസ്വാമി. എഐഎഡിഎംകെയുടെ എടപ്പാടിയിലെ സ്ഥാനാര്‍ത്ഥിയാണ് പളനിസ്വാമി.






