
കൊച്ചി: സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ കടന്നുകൂടിയിരിക്കുന്ന ഇരട്ട വോട്ടുകള്‍ മരവിപ്പിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. ഇരട്ട വോട്ടുള്ളവരുടെ വോട്ടുകള്‍ മരവിപ്പിക്കണം. ഇവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുത്. ഇത്തരം വോട്ടുകള്‍ ചേര്‍ക്കാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അടിയന്തര പ്രാധാന്യത്തോടെ ഹര്‍ജിയില്‍ ഇടപെടണമെന്നും ഹര്‍ജിയില്‍ പറയുന്നു.
ഇരട്ട വോട്ടുകള്‍ തടയാന്‍ നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് അഞ്ച് തവണ കത്തയച്ചുവെങ്കിലൂം കാര്യമായ തുടര്‍ നടപടിയുണ്ടായില്ലെന്നും ചെന്നിത്തല ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് നാല് ലക്ഷത്തിലേറെ ഇരട്ട വോട്ടുകള്‍ വോട്ടര്‍ പട്ടികയില്‍ കയറിപ്പറ്റിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വെളിപ്പെടുത്തിയിരുന്നു. ഒരു സോഫ്ട്വേര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇരട്ട വോട്ടുകള്‍ കണ്ടെത്തിയത്. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ കഴമ്പുള്ളതാണെന്നും പരിശോധിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണയും പറഞ്ഞിരുന്നു.
ഓരോ മണ്ഡലങ്ങളിലും കടന്നുകൂടിയിരിക്കുന്ന ഇരട്ട വോട്ടുകളുടെ എണ്ണം യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ പുറത്തുവിട്ടിരുന്നു. തിരുവനന്തപുരത്ത് വിവിധ മണ്ഡലങ്ങളില്‍ ആയിരക്കണക്കിന് കള്ളവോട്ടുകള്‍ കടന്നുകൂടിയെന്ന് കോണ്‍ഗ്രസ് നേതാവ് വി.എസ് ശിവകുമാര്‍ ആരോപിച്ചിരുന്നു.






