
ന്യൂഡല്‍ഹി: പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽത്തന്നെ പൊതുമേഖല എണ്ണക്കമ്പനിയായ ബിപിസിഎല്ലിന്റെ വില്പന നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്. കേരളത്തിലെ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്ന വില്‍പ്പന തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ നടത്തുമെന്നാണ് വിവരം. ഭാരത് പെട്രോളിയം കോർപ്പറേഷന്റെ നാലു യൂണിറ്റുകളിൽ മുഖ്യ ഘടകം കൊച്ചിയിലാണ് പ്രവര്‍ത്തിക്കുന്നത്.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ തകൃതിയായി നടക്കുമ്പോള്‍ അണിയറയില്‍ വില്‍പ്പന നടപടികളും തകൃതിയായി പുരോഗമിക്കുന്നു എന്നാണ് വിവരം. നടപടികൾ കേന്ദ്ര നിക്ഷേപ ആസ്തി കൈകാര്യ വകുപ്പ് പൂർത്തിയാക്കിക്കഴിഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഏപ്രില്‍ മാസം ആദ്യം തന്നെ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെ വില്‍പ്പന നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍.
ബിപിസിഎല്ലിന്റെ ഓഹരി വില്പനയ്ക്കായുള്ള നടപടികൾ പിന്നാമ്പുറത്ത് പുരോഗമിക്കുന്നതിനിടയിലാണ് അമ്പലമുകളിലെ ബിപിസിഎൽ കൊച്ചിൻ റിഫൈനറിയിൽ പൂർത്തിയാക്കിയ പ്രൊപ്പിലീൻ ഡെറിവേറ്റീവ്സ് പെട്രോ കെമിക്കൽ പ്രോജക്ട് (പിഡിപിപി) കഴിഞ്ഞ മാസം 14 ന്, രാജ്യത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോഡി സമർപ്പിക്കാൻ എത്തിയത്. 6000 കോടി ചെലവഴിച്ചായിരുന്നു ഈ സംവിധാനം.
തുറമുഖങ്ങളിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കാനുള്ള ബിൽ പ്രതിപക്ഷത്തിന്റെ എതിർപ്പോടെ നേരത്തേ കേന്ദ്രം പാസ്സാക്കിയിരുന്നു. കോവിഡ്, അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിലുണ്ടായ ഇടിവ്, തുടങ്ങിയ പ്രശ്നങ്ങള്‍ മൂലം ഓഹരിവില്പന താമസിക്കുകയായിരുന്നു. ഈ സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലം ബഹുരാഷ്ട്ര എണ്ണക്കമ്പനികളില്‍ നിന്നും പ്രതീക്ഷിച്ച രീതിയിലുള്ള താല്പര്യപത്ര സമർപ്പണം ഉണ്ടായില്ല.
ഇതോടെ പലവട്ടം ടെണ്ടർ തീയ്യതികൾ നീട്ടി നൽകുകയായിരുന്നു. അതേസമയം ബിപിസിഎല്ലിന്റെ 53 ശതമാനം ഓഹരികളുടെ ഉടമകളാകുന്ന കോർപ്പറേറ്റുകൾക്കാവും പുതിയ നീക്കം കൊണ്ടു ഗുണമുണ്ടാകുക എന്നാണ് വിമര്‍ശനം.






