
കൊച്ചി: പാലാരിവട്ടം പാലത്തെ പഞ്ചവടിപ്പാലം എന്നു കേരളാ ഹൈക്കോടതി വിളിച്ചതിന് പിന്നാലെ കൊച്ചി നഗരത്തിന്റെ പല ഭാഗങ്ങളിലും പഞ്ചവടിപ്പാലം എന്ന കെ ജി ജോര്‍ജ് സിനിമയുടെ ഒറിജിനല്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. തെരഞ്ഞെടുപ്പ് ചൂടിനിടയില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെ വിവാദത്തിലാക്കിയ പാലാരിവട്ടം പാലം മുതല്‍ കളമശ്ശേരി വരെയുള്ള വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകള്‍.
പോസ്റ്ററില്‍ മറ്റു യാതൊരു സന്ദേശവുമില്ലെന്നതാണ് രസകരമായ കാര്യം. അതിനിടെ പാലാരിവട്ടം പാലത്തെപ്പറ്റിയുള്ള ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രസംഗവും വൈറലായിരുന്നു. ‘‘കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക ജീവിതത്തിന്റെ പ്രതീകമാണ് പാലാരിവട്ടം പാലം. യുഡിഎഫ് ആ പാലത്തോട് എന്തു ചെയ്‌തോ അതു തന്നെയാണ് യുഡിഎഫ് കേരള സമൂഹത്തോടും ചെയ്തത്. എല്‍ഡിഎഫ് ആ പാലത്തോട് എന്തു ചെയ്‌തോ അതു തന്നെയാണ് എല്‍ഡിഎഫ് കേരളത്തിനോടും ചെയ്തത്. അത് അതുവഴി പോകുന്ന എല്ലാ ജനങ്ങള്‍ക്കുമറിയാം. അതുകൊണ്ടാണ് ഞാനൊക്കെ ഇവിടെ വന്ന് എല്‍ഡിഎഫിനു വേണ്ടി സംസാരിക്കാന്‍ തീരുമാനിച്ചത്,’’ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രസംഗത്തില്‍ പറയുന്നു.
പാലാരിവട്ടം പാലം കോടികള്‍ മുടക്കി പൂര്‍ത്തിയാക്കിയ ശേഷം പൊളിയ്‌ക്കേണ്ടി വന്നത് യുഡിഎഫിന് ഏറെ നാണക്കേടുണ്ടാക്കിയിരുന്നു. ഏതായാലും അപകട സാധ്യത ഉണ്ടായിരുന്ന പാലം പൊളിച്ച് അതിന്റെ സ്ഥാനത്ത് കാലതാമസം ഒട്ടുമില്ലാതെ മികച്ച പാലം പുനര്‍നിര്‍മിച്ച് ഗതാഗതത്തിന് തുറന്നു കൊടുക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞത് ജനങ്ങള്‍ക്ക് ആശ്വാസമായി. ഇതിന്റെ പശ്ചാത്തലത്തിലാണ് പഞ്ചവടിപ്പാലത്തിന്റെ പോസ്റ്ററുകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.






