
ചെന്നൈ: തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കേ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ എടപ്പാടി പളനിസ്വാമി ( ഇപിഎസ് )ക്കെതിരെ ഡി.എം.കെ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എ.രാജ നടത്തിയ പരാമര്‍ശം വിവാദത്തില്‍. ഇപിഎസിന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്റെ ചെരുപ്പിന്റെ വില പോലുമില്ലെന്നായിരുന്നു രാജയുടെ പരാമര്‍ശം.
'ശര്‍ക്കര മാര്‍ക്കറ്റിലെ തൊഴിലാളിയായിരുന്ന ഇപിഎസിനെ എങ്ങനെ സ്റ്റാലിനുമായി താരതമ്യപ്പെടുത്താന്‍ കഴിയും? സ്റ്റാലിന്റെ ചെരുപ്പിന്റെ വില നിങ്ങളെക്കാള്‍ ഒരു രൂപ കൂടുതലായിരിക്കും. സ്റ്റാലിനോട് ഏറ്റുമുട്ടാനുള്ള ധൈര്യം ഇപിഎസിനുണ്ടോ?' രാജ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.
'നെഹ്റുവിനും ഇന്ദിര ഗാന്ധിയ്്ക്കും മോഡിയ്്ക്കും പോലും ഇല്ലാത്ത ധൈര്യമാണ് ഇപിഎസിന്. അദ്ദേഹം അത് കാണിക്കാന്‍ കാരണം അഴിമതിയിലുടെ താന്‍ സമ്പാദിച്ച പണവും തന്റെ പാര്‍ട്ടിയും സംരക്ഷിക്കുമെന്ന ധൈര്യമാണ്. സ്റ്റാലിനെ പിടിച്ചുകെട്ടുമെന്നാണ് അദ്ദേഹം പറയുന്നത്. ഒരു ദിവസമെങ്കിലും അതിന് അദ്ദേഹത്തിന് കഴിഞ്ഞാല്‍, വിനയത്തോടെ പറയട്ടെ, അദ്ദേഹത്തിന്റെ കാര്യ വീട്ടില്‍ നിന്നും ഓഫീസില്‍ എത്തില്ല.'- എ. രാജ പറഞ്ഞു.
അതേസമയം, താന്‍ നിര്‍ധന കര്‍ഷക കുടുംബത്തില്‍ നിന്നു വന്നയാളായതുകൊണ്ടാണ് ഡി.എം.കെ നേതാവിന്റെ വിമര്‍ശനമെന്ന് പളനിസ്വാമി പറയുന്നു. സ്റ്റാലിന്റെ പിതാവ് മുഖ്യമന്ത്രിയായിരുന്നതിനാല്‍ അദ്ദേഹം വായില്‍ വെള്ളിക്കരണ്ടിയുമായാണ് ജനിച്ചത്. അദൃശ്യമായ വായുവില്‍ നിന്നുപോലും അഴിമതി നടത്തുന്നവരാണ് തന്നെ വിമര്‍ശിക്കുന്നതെന്ന് 2ജി സ്പെക്ട്രം അഴിമതി പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.






