
കണ്ണൂര്‍ : ഇരട്ട വോട്ടുണ്ടെന്ന സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി ജയരാജന്റെ ആരോപണത്തെ തള്ളി എഐസിസി വക്താവ് ഷമാ മുഹമ്മദ് . തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള സിപിഎം നീക്കമാണിതെന്നും, പാര്‍ട്ടിക്കെതിരെയും പിണറായി വിജയനെതിരെയും സംസാരിക്കുന്നതിനാലാണ് തനിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ കൊണ്ടുവരുന്നതെന്നും ഷമ പറഞ്ഞു.
2016 ഏപ്രിലില്‍ കിട്ടിയ വോട്ടര്‍ ഐഡിയാണ് ഇപ്പോള്‍ കൈയ്യിലുള്ളത്. 2016 നിയമസഭാ ഇലക്ഷനിലും, 2019 ലോക്സഭാ ഇലക്ഷനിലും, 2020 കോര്പറേഷന് ഇലക്ഷനിലും വോട്ട് ചെയ്തു. ഇതുവരെ പ്രശ്നമുണ്ടായില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കള്ളവോട്ട് വിഷയമാക്കിയപ്പോഴാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നതെന്നും ഷമ മുഹമ്മദ് പറഞ്ഞു. പയ്യന്നൂരും കൂത്ത് പറമ്പുമെല്ലാം സിപിഎം കള്ളവോട്ടാണ് ചെയ്യുന്നതെന്നും ഷമ കൂട്ടിച്ചേര്‍ത്തു
കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ ഷമാ മുഹമ്മദിന് ഇരട്ടവോട്ടുണ്ടെന്നആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന് രംഗത്ത് വന്നിരുന്നു. കണ്ണുര്‍ നിയോജക മണ്ഡലത്തില്‍ കണ്ണോത്തുംചാല്‍ ഗവണ്മെന്റ് ടീച്ചേഴ്സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കിഴക്കുഭാഗത്തിലുള്ള കെട്ടിടത്തിന്റെ ബൂത്തില്‍ ഷമാ മുഹമ്മദിന് രണ്ടു വോട്ടുകളുണ്ടെന്ന് ജയരാജന് തെളിവു സഹിതം വെളിപ്പെടുത്തി. ക്രമനമ്പര്‍ 532 പ്രകാരം ചേര്‍ത്ത വോട്ടില്‍ അച്ഛന്റെ പേര് മുഹമ്മദ് കുഞ്ഞിയെന്നും വയസ് 47 എന്നും ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ഇതേ ബൂത്തില്‍ തന്നെ 1250 നമ്പറായി ഷമാ മുഹമ്മദ് എന്ന പേരില്‍ മറ്റൊരു വോട്ടും കുടിചേര്ത്തിട്ടുണ്ട്. എന്നാല്‍ ഇവിടെ മാതാവിന്റെ പേരായ കെ പി സോയ മുഹമ്മദെന്നാണ് രക്ഷിതാവിന്റെ പേരായി ചേര്‍ത്തിട്ടുള്ളത്. ഇത് യാദൃശ്ചികമാണെന്ന് ഒരിക്കലും കരുതാനാവില്ല ബോധപുര്‍വ്വം കോണ്‍ഗ്രസ് നേതാവായ അവര്‍ തന്നെ ഇരട്ട വോട്ടുചേര്ക്കുകയായിരുന്നു. ഇതിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ജയരാജന് പറഞ്ഞിരുന്നു.






