
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തിനിരായായി ചികിത്സയിലിരുന്ന വയോധിക അന്തരിച്ചു. നോര്‍ത്ത് 24 പര്‍ഗാനസ് ജില്ലയിലെ നിംത സ്വദേശിനി ഷോവാ മജുംദാര്‍ (85) ആണ് മരിച്ചത്. മകന് ഗോപാല്‍ മജുംദാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നെന്നാരോപിച്ച് കഴിഞ്ഞ മാസം തൃണമൂല്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തെയും വയോധികയായ മാതാവിനെയും വീടുകയറി ആക്രമിച്ചെന്നാണു പരാതി.
പോലീസില്‍ അറിയിച്ചാല്‍ കൊന്നുകളയുമെന്നു ഭീഷണി മുഴക്കിയായിരുന്നു ആക്രമണമെന്നു ഗോപാല്‍ പറഞ്ഞു. എന്നാല്‍, തൃണമൂല്‍ പ്രവര്‍ത്തകരുടെ ആക്രമണത്തിലാണു ഷോവയ്ക്ക് പരുക്കേറ്റതെന്ന വാദം പോലീസ് തള്ളി.
മറ്റു കാരണങ്ങളാലാണ് ഷോവയ്ക്ക് പരുക്കേറ്റതെന്ന നിലപാടിലാണ് പോലീസ്. അതേസമയം, ഗോപാല്‍ അമ്മയെ മര്‍ദിക്കാറുണ്ടായിരുന്നുവെന്ന ബന്ധുക്കളുടെ വെളിപ്പെടുത്തലുമായി ചിലര്‍ രംഗത്തുണ്ട്.
അക്രമ രാഷ്ട്രീയം പ്രധാന ചര്‍ച്ചാ വിഷയമായ പശ്ചിമ ബംഗാളില്‍ വയോധിയ്ക്കു മര്‍ദമേറ്റ സംഭവം വലിയ വിവാദമായിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ നേതാവും നന്ദിഗ്രാമിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയുമായ സുവേന്ദു അധികാരിയടക്കമുള്ള പ്രമുഖര്‍ ഷോവയെ സന്ദര്‍ശിച്ചു. അതിനിടെ, തെരഞ്ഞെടുപ്പു ചൂടിലായ സംസ്ഥാനത്ത് വിഷയം രാഷ്ട്രീയ ആയുധമാക്കാനുള്ള ഒരുക്കത്തിലാണ് ബി.ജെ.പി.
ഷോവയുടെ മരണത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അനുശോചിച്ചു. എന്നാല്‍, ഷോവയുടെ മരണവും തൃണമൂല്‍-ബി.ജെ.പി. സംഘര്‍ഷവും തമ്മില്‍ ബന്ധമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. സൗഗത റോയി അറിയിച്ചു. ഒരു മാസം മുമ്പ് ഗോപാല്‍ മജുംദാറുടെ വീടിനു മുന്നില്‍ അദ്ദേഹവും തൃണമൂല്‍ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. മകന് വീഴുന്നതു കണ്ട ഷോവ, അവിടേയ്ക്ക് ഓടിയെത്തുകയും വീണു പരുക്കേല്ക്കുകയുമാണുണ്ടായത്. വിവിധ ആരോഗ്യപ്രശ്നങ്ങള്‍ മൂലമായിരുന്നു ഷോവയുടെ അന്ത്യമെന്നും റോയി പറഞ്ഞു.





