
ന്യൂഡല്‍ഹി: അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തില്‍പ്പെട്ടയാള്‍ ഫ്രാന്‍സില്‍ അറസ്‌റ്റില്‍. ബോളിവുഡ് ഹാസ്യനടന്‍ കപില്‍ ശര്‍മയുടെ കാനഡയിലുള്ള കഫേയ്‌ക്കു പുറത്തുനടന്ന വെടിവയ്‌പ്പുമായി ബന്ധപ്പെട്ട കേസില്‍ ബന്ധമുള്ള ലോറന്‍സിന്റെ സഹായി ഗരീന്ദര്‍ ദേവാണ് അറസ്‌റ്റിലായത്.
നാടുകടത്തല്‍ പ്രക്രിയയുടെ ഭാഗമായി ഇയാളെ കാനഡയിലേക്കു കൊണ്ടുവരും. യു.എസ്. നീതിന്യായ വകുപ്പിന്റെ കുറ്റപത്രപ്രകാരം 40 വയസുകാരനായ ഗരീന്ദര്‍ ദേവ് ഡോക്‌ടര്‍, റോക്കറ്റ്, റിറ്റ്‌സ് കാള്‍ട്ടണ്‍ എന്നീ അപരനാമങ്ങളിലും അറിയപ്പെടുന്നു.
ലോറന്‍സ് ബിഷ്‌ണോയിയുമായി ബന്ധമുള്ള ക്രിമിനല്‍ ശൃംഖലയെ ഇയാള്‍ സാമ്പത്തികമായി സഹായിച്ചതായി അന്വേഷണസംഘം പറയുന്നു. വന്‍തോതില്‍ കൊക്കെയ്‌നും ഹെറോയിനും ശേഖരിക്കാന്‍ സഹായിച്ചതിനും അവ തെക്കന്‍ കലിഫോര്‍ണിയയില്‍നിന്നു കിഴക്കന്‍ യു.എസിലേക്ക് അയയ്‌ക്കാന്‍ ഗൂഢാലോചന നടത്തിയതിനുമാണ് ഇയാള്‍ക്കെതിരേ കുറ്റം ചുമത്തിയിരിക്കുന്നത്.
2025 ജൂണില്‍ ഏകദേശം 99.2 കിലോ കൊക്കെയ്‌നും ഒരു കിലോ ഹെറോയിനും അയയ്‌ക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. ഇത് അമേരിക്കന്‍ ഏജന്‍സികള്‍ വഴിമധ്യേ പിടിച്ചെടുത്തു. മറ്റൊരു കേസില്‍, ലോറന്‍സ് ബിഷ്‌ണോയി സംഘാംഗമായ ജഷന്‍ദീപ് സിങ്ങിനെ രാജ്യത്ത് നിന്നു നാടുകടത്താന്‍ കാനഡയുടെ ഇമിഗ്രേഷന്‍ ആന്‍ഡ് റെഫ്യൂജി ട്രിബ്യൂണല്‍ ഉത്തരവിട്ടു. ഹാസ്യനടന്‍ കപില്‍ ശര്‍മയുടെ സറേയിലെ കഫേയ്‌ക്കുപുറത്ത് വെടിവയ്‌പ്പിന് ഉപയോഗിച്ച തോക്ക് ഒളിപ്പിക്കാന്‍ സഹായിച്ചതിന് ജഷന്‍ദീപ് സിങ്ങിനെതിരേ കേസെടുത്തിട്ടുണ്ട്. ലോറന്‍സ് ബിഷ്‌ണോയി സംഘത്തിനും അവരുടെ വിദേശ ശൃംഖലയ്‌ക്കുമെതിരായ രാജ്യാന്തര നടപടി ശക്‌തമാക്കുന്നതിന്റെ സൂചനയാണ് യു.എസ്, ഫ്രാന്‍സ്, കാനഡ എന്നിവിടങ്ങളിലെ തുടര്‍ച്ചയായ നിയമ നടപടികള്‍.




