
ന്യൂഡല്‍ഹി: രാജ്യത്ത് സേവനം നല്‍കുന്ന മുഴുവന്‍ മെസേജിങ് പ്ലാറ്റ്‌ഫോമുകള്‍ക്കുമായി ഏകീകൃത മാനദണ്ഡം ആവിഷ്‌കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. വാട്ട്‌സ്‌ആപ്പ് മുന്നോട്ടുവച്ച 'യൂസര്‍നെയിം' സംവിധാനത്തെച്ചൊല്ലിയുള്ള വിവാദത്തിനുപിന്നാലെയാണു നീക്കം.
സമാന ഫീച്ചറുകള്‍ക്ക് വ്യത്യസ്‌ത സേവനദാതാക്കള്‍ക്ക് ഒരേസമയം അനുമതിയും വിലക്കും ഏര്‍പ്പെടുത്തുന്നതിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണു കേന്ദ്രനീക്കം. മുഴുവന്‍ മെസേജിങ് ആപ്പുകളെയും ഏകീകൃത നിയന്ത്രണ ചട്ടക്കൂടിനു കീഴിലാക്കുകയാണ് ഇതിനുള്ള പോംവഴി. ഇതുസംബന്ധിച്ച് അന്തിമതീരുമാനം കൈക്കൊള്ളുംമുമ്പ് സേവനദാതാക്കളുമായി ചര്‍ച്ച നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. നിലവിലെ ചട്ടങ്ങള്‍ മെസേജിങ് പ്ലാറ്റ്‌ഫോമുകളുടെ പ്രവര്‍ത്തനത്തിനു മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. പക്ഷേ, ഏതൊക്കെ ഫീച്ചറുകള്‍ അനുവദിക്കാമെന്നതില്‍ വ്യക്‌തമായ വ്യവസ്‌ഥകളില്ല. നിയമപരമായ ഈ വിടവ് നികത്താനാണു മുഴുവന്‍ മെസേജിങ് ആപ്പുകള്‍ക്കുമായി പൊതുമാനദണ്ഡമെന്ന നീക്കത്തിനു കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തെ പ്രേരിപ്പിക്കുന്നത്. ഫോണ്‍ നമ്പറുകള്‍ പങ്കിടാതെ തന്നെ ഉപയോക്‌താക്കള്‍ക്ക് പരസ്‌പരം ആശയവിനിമയം നടത്താന്‍ അനുവദിക്കുന്ന വാട്ട്‌സ്‌ആപ്പിന്റെ പുതിയ 'യൂസര്‍നെയിം' സംവിധാനത്തെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ഡിജിറ്റല്‍ അറസ്‌റ്റ് അടക്കം ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്ക് ഒത്താശചെയ്യുന്നതാണു പുതിയ ഫീച്ചറെന്നാണു കേന്ദ്രസര്‍ക്കാരിന്റെ വാദം. ഒപ്പം അന്വേഷണം കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വ്യാജ അക്കൗണ്ട് ഉള്‍പ്പെടെ ഓണ്‍ലൈന്‍ തട്ടിപ്പു സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങളാരാഞ്ഞ് വാട്ട്‌സ്‌ആപ്പ്, ടെലിഗ്രാം, സിഗ്നല്‍ തുടങ്ങിയ സേവനദാതാക്കള്‍ക്ക് കേന്ദ്ര ഐടി മന്ത്രാലയം നോട്ടീസ് അയച്ചിരുന്നു. വാട്ട്‌സ്‌ആപ്പ്, ടെലിഗ്രാം എന്നിവയുടെ മറുപടി ലഭിച്ചെന്നും അവ പരിശോധിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതേസമയം, മറുപടികളുടെ ഉള്ളടക്കം പുറത്തുവിട്ടിട്ടില്ല.
അതേ സമയം, 16 വയസില്‍ താഴെയുള്ളവര്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ഓസ്‌ട്രേലിയയില്‍ കൗമാരക്കാര്‍ക്ക് സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനു നിയന്ത്രണമുണ്ട്. ഈ നടപടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചതാണു അഭ്യൂഹങ്ങള്‍ക്കു കാരണമായത്. വിവര സാങ്കേതികവിദ്യയും സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ട ദോഷങ്ങളില്‍നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള ഓസ്‌ട്രേലിയയുടെ പ്രവര്‍ത്തനം ലോകത്തിനു തന്നെ പ്രചോദനമാണെന്നാണു മോദി പറഞ്ഞത്.
കുട്ടികള്‍ക്കായി പ്രായം അടിസ്‌ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് സാമൂഹിക മാധ്യമ കമ്പനികളുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്‌തമാക്കിയിരുന്നു.
കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിലെ ഉദ്യോഗസ്‌ഥരും പൂര്‍ണമായ ഒരു നിരോധനത്തിന് മുതിര്‍ന്നേക്കില്ലെന്നു സൂചിപ്പിച്ചിട്ടുണ്ട്. പകരം, ഘട്ടം ഘട്ടമായുള്ള ചട്ടക്കൂടാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിലൂടെ ചെറിയ കുട്ടികള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍, പ്രായം കൂടിയ കൗമാരക്കാര്‍ക്ക് ചില പ്രത്യേക വിഭാഗത്തിലുള്ള പ്ലാറ്റ്‌ഫോമുകളോ ഉള്ളടക്കങ്ങളോ ഉപയോഗിക്കാന്‍ അനുമതി ലഭിച്ചേക്കാം.




