
ജയ്‌പുര്‍(രാജസ്‌ഥാന്‍): സര്‍ക്കാര്‍ ജോലിയും സ്വത്തും സ്വന്തമാക്കാന്‍ അമ്മയെ കൊന്ന കേസില്‍ അറസ്‌റ്റിലായ നിയമവിദ്യാര്‍ഥിനി പിതാവിനെയും കൊന്നിരിക്കാമെന്ന് ആരോപണം. കഴിഞ്ഞവര്‍ഷം നടന്ന പിതാവിന്റെ മരണത്തിലും പ്രതിക്കു പങ്കുണ്ടാകാമെന്ന ഗുരുതര ആരോപണവുമായി അമ്മാവനാണ് രംഗത്തെത്തിയത്.
ജയ്‌പുര്‍ കോടതിയില്‍ ക്ലര്‍ക്കായ നീരജ് ശര്‍മയുടെ അപകടമരണത്തിലാണ് നിയമവിദ്യാര്‍ഥിനിയായ മകള്‍ ആയുഷി (23) കഴിഞ്ഞദിവസം അറസ്‌റ്റിലായത്. അസുഖ ബാധിതനായ ഭര്‍ത്താവ് വിജയ് ശര്‍മ കഴിഞ്ഞവര്‍ഷം മരിച്ചതിനെത്തുടര്‍ന്നാണ് നീരജ് ശര്‍മയ്‌ക്ക് ആശ്രിത നിയമനം ലഭിച്ചത്. ഈ ജോലി സ്വന്തമാക്കാന്‍ അവസാന വര്‍ഷ എല്‍.എല്‍.ബി. വിദ്യാര്‍ഥിനിയായ ആയുഷി, ബന്ധുവായ ബല്‍റാമിന്റെ സഹായത്തോടെ ഏഴുലക്ഷം രൂപയ്‌ക്ക് വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തിയെന്നാണ് ആരോപണം.
അതിനിടയിലാണ് പിതാവ് വിജയ് ശര്‍മയുടെ മരണത്തിലും ആയുഷിക്കു പങ്കുണ്ടാകാമെന്ന ആക്ഷേപവുമായി അമ്മാവന്‍ രാകേഷ് ശര്‍മ രംഗത്തെത്തിയത്. ആയുഷിയുടെ അമ്മയുടെ സഹോദരനാണു രാകേഷ്. പക്ഷാഘാത തുടര്‍ചികിത്സയ്‌ക്കായി പിതാവിനെ ആയുഷിയും ഉറ്റബന്ധുവായ ബല്‍റാമും ചേര്‍ന്ന് അജ്‌ഞാത ആശുപത്രിയിലേക്കു മാറ്റിയെന്നാണ് രാകേഷ് പറയുന്നത്.
മൂന്നു മാസത്തോളം ചികിത്സയെക്കുറിച്ച് മറ്റുള്ളവരില്‍നിന്ന് മറച്ചുവച്ചു. അച്‌ഛനെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നാണ് അമ്മയുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ആയുഷി മറുപടി പറഞ്ഞതെന്ന് രാകേഷ് പറഞ്ഞു. പിന്നീട് കുടുംബം വിജയ് ശര്‍മയെ വീട്ടിലേക്ക് കൊണ്ടുവന്നു. വീട്ടില്‍ കഴിയുന്നതിനിടെ ആയുഷി ഫീഡിങ് ട്യൂബ് നീക്കം ചെയ്‌തതാണ് വിജയ് ശര്‍മയുടെ മരണത്തിനു വഴിവച്ചതെന്ന് രാകേഷ് പറഞ്ഞു. ഇതോടെ അമ്മയുടെ ദുരൂഹമരണത്തില്‍ കസ്‌റ്റഡിയിലുള്ള ആയുഷിയെ രാകേഷിന്റെ ആരോപണത്തിന്റെ പശ്‌ചാത്തലത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനു വിധേയയാക്കിയെന്നു പോലീസ് പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.




