ഹൈദരാബാദ്: തെലങ്കാനയില്‍ പോക്‌സോ കേസ് പ്രതി അതിജീവിതയായ പെണ്‍കുട്ടി, ഭാര്യ, രണ്ട് ആണ്‍മക്കള്‍ എന്നിവരടക്കം ആറുപേരെ കൊലപ്പെടുത്തി. രംഗറെഡ്‌ഡി ജില്ലയിലെ ഷബാദ് മണ്ഡലില്‍ വിവിധയിടങ്ങളിലായാണ് കൊലപാതകങ്ങള്‍ നടന്നത്. തനിക്കെതിരേ പോലീസില്‍ പരാതിപ്പെട്ടതിലുള്ള വൈരാഗ്യമാണ് പ്രതി പി. രാജ്‌കുമാറിനെ കൂട്ടക്കൊലപാതകത്തിലേക്കു നയിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രിയായിരുന്നു സംഭവം. ഷാബാദ് പട്ടണത്തില്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വീട്ടിലേക്കാണ് രാജ്‌കുമാര്‍ ആദ്യം പോയത്. പെണ്‍കുട്ടിയുടെ മാതാവിനെയും മുത്തശ്ശിയേയും ഉറക്കത്തില്‍ കൊലപ്പെടുത്തി. തുടര്‍ന്ന്, പെണ്‍കുട്ടിയെ കാറില്‍ കയറ്റി സ്വന്തം നാടായ ധൈവല്‍ഗുഡയിലേക്കു കൊണ്ടുപോയി ഒരു തടാകത്തിനു സമീപം കുത്തിക്കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ മൂത്തസഹോദരിയെ പ്രതി ഉപദ്രവിച്ചില്ല. മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്നയാളാണ് അവര്‍.പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം സ്വന്തം വീട്ടിലെത്തിയ രാജ്‌കുമാര്‍ ഉറങ്ങിക്കിടന്ന ഭാര്യയേയും നാലും ഒന്നരയും വയസുള്ള മക്കളെയും കൊലപ്പെടുത്തി. കൊല്ലപ്പെട്ട പെണ്‍കുട്ടിയെ ഉപദ്രവിച്ചതിനു രാജ്‌കുമാറിനെ കഴിഞ്ഞ മേയിലാണ് പോക്‌സോ കേസില്‍ അറസ്‌റ്റ് ചെയ്‌തത്. എന്നാല്‍, മുന്‍കൂര്‍ജാമ്യത്തില്‍ പുറത്തിറങ്ങി.
അരിവാളും കത്തിയുമുപയോഗിച്ച് കുത്തിയും കഴുത്തറുത്തുമാണ് പ്രതി അരുംകൊലപാതകങ്ങള്‍ നടത്തിയത്. തുടര്‍ന്ന്, പിതാവിനെ വിളിച്ച് വിവരമറിയിച്ചു. താന്‍ ജീവനൊടുക്കാന്‍ പോകുകയാണെന്നും പറഞ്ഞു. രാജ്‌കുമാറിന്റെ മാതാപിതാക്കള്‍ ഉടന്‍ പോലീസില്‍ വിവരമറിയിച്ചു. പ്രതി ഒളിവിലാണ്. പോലീസ് ഏഴുസംഘങ്ങളായി തിരിഞ്ഞ് ഇയാള്‍ക്കായി തെരച്ചില്‍ നടത്തിവരുന്നു. പെണ്‍കുട്ടിയോടും കുടുംബത്തോടും വൈരാഗ്യമുണ്ടായിരുന്നെങ്കിലും പ്രതി എന്തിനാണ് ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയതെന്നു വ്യക്‌തമല്ല. രാജ്‌കുമാര്‍ ചൂതാട്ടം നടത്തിയിരുന്നെന്നും കടബാധ്യതകളുണ്ടായിരുന്നെന്നും കുടുംബം പോലീസിനോടു പറഞ്ഞിരുന്നു.





